ഭോപ്പാല്‍: കളം മാറ്റി ചവിട്ടി മായാവതി. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. മധ്യപ്രദേശ് നിയമസഭയിലേക്ക് ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മായാവതിയുടെ പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിനില്ല. കോണ്‍ഗ്രസുമായി സഖ്യത്തിന് ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് ബി.എസ്.പി നിഷേധിച്ചു. ഇന്നുവരെയുള്ള സ്ഥിതി അനുസരിച്ച് പാര്‍ട്ടി 230 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ നര്‍മദ പ്രസാദ് അഹിര്‍വാര്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും നര്‍മദ പ്രസാദ് പറഞ്ഞു. നിലവിലെ രീതിയില്‍ പാര്‍ട്ടി മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് തനിക്ക് ഒരു നിര്‍ദേശവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.എസ്.പിയുമായി സഖ്യ ചര്‍ച്ച നടന്നതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടെയും പേര് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. സമാന ചിന്താഗതിയുള്ള കക്ഷികളുമായി സഖ്യത്തിന് ശ്രമിക്കുമെന്നു മാത്രമാണ് പറഞ്ഞത്. ഒരിക്കലും ബി.എസ്.പിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം നേതാവ് മനക് അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ നിയമസഭായില്‍ ബി.ജെ.പിക്ക് 165 സീറ്റുകളും കോണ്‍ഗ്രസിന് 58ഉം ബി.എസ്.പിക്ക് നാലും സ്വതന്ത്രര്‍ക്ക് മൂന്നും സീറ്റുകളുണ്ട്.
Post Your Comments