ചേര്‍ത്തല: ഏറെ നാളുകളായി പൊലീസിനെ കുഴക്കുന്ന ഒരു ചോദ്യമാണ് ആ കോടീശ്വരി എങ്ങോട്ട് മറഞ്ഞു എന്നുള്ളത്. ഇന്നു മുതല്‍ ഇതിന് ഉത്തരം തേടുകയാണ് പ്രത്യേക അന്വേഷണ സംഘം. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.നസീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കടക്കരപ്പള്ളി ആലുങ്കല്‍ ജംഗ്ഷന്‍ പത്മാനിവാസില്‍ ബിന്ദുപത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നത്.
ബിന്ദുവിന്റെ സഹോദരനായ പി.പ്രവീണ്‍ കുമാര്‍ 2017 സെപ്തംബറിലാണ് സഹോദരിയെ കാണാതായത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പോലീസ് അന്വേഷണം വൈകിയതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പത്രവാര്‍ത്തകളെയും പ്രതിഷേധങ്ങളെയും തുടര്‍ന്നാണ് നിലച്ച അന്വേഷണം വീണ്ടും ആരംഭിച്ചത്. കുത്തിയതോട് സിഐ എം.സുധിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. ബിന്ദു പദ്മനാഭന്റെ കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് വില്‍പ്പന നടത്തിയതായും കബളിപ്പിക്കല്‍ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അന്വേഷണം ചേര്‍ത്തല ഡിവൈഎസ്പി എ.ജി ലാലാണ് നടത്തുന്നത്. പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരന്‍ അമ്മാവന്‍ എന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍, വ്യാജ മുക്ത്യാര്‍ തയാറാക്കുന്നതിന് ഒപ്പിട്ട എരമല്ലൂര്‍ സ്വദേശിനിയും ചേര്‍ത്തല മറ്റവന കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ജയ എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അംഗങ്ങളെ ഇന്ന് ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്പി എ.നസീം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments