താമരശ്ശേരി : കനത്തമഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ റാഫിക്ക് നഷ്ടമായത് തന്റെ പ്രിയപ്പെട്ട എട്ടുപേരെയാണ്. വിവരം അറിഞ്ഞു സൗദിയിൽനിന്ന് എത്തിയ റാഫി കണ്ടത് വീടിരുന്ന സ്ഥലത്ത് പ്രിയപ്പെട്ടവരെ തേടുന്ന കുറെ ആളുകളെ മാത്രമാണ്. നിസഹായമായി നോക്കി നിൽക്കാനേ റാഫിക്ക് സാധിക്കുന്നുള്ളൂ.
ഉപ്പയും ഉമ്മയും ഭാര്യയും മകളും രണ്ട് സഹോദരിമാരും സഹോദരിയുടെ രണ്ട് കുട്ടികളും മണ്ണിനടിയിലേക്ക് മറഞ്ഞപ്പോൾ മൗനമല്ലാതെ റാഫിക്ക് മറ്റൊരു വികാരം ഉണ്ടായിരുന്നില്ല. കരിഞ്ചോല ഹസന്റെ മകനാണ് മുഹമ്മദ് റാഫി. സൗദിയിലെ ഒരു കടയില്‍ ജോലിനോക്കിയിരുന്ന റാഫി, അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അതിനിടെയാണ് മഹാദുരന്തം ഉണ്ടായത്.
Read also: കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; നിരവധി പേര്‍ക്ക് പരുക്ക്
സംഭവം അറിഞ്ഞു വെള്ളിയാഴ്ച വൈകീട്ട് റാഫി നാട്ടിലെത്തി. ശനിയാഴ്ച രാവിലെ ഉപ്പയെയും സഹോദരിയെയും സഹോദരിയുടെ മകളെയും ഖബറടിക്കിയ വെട്ടി ഒഴിഞ്ഞതോട്ടം പള്ളിയിലെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ഥിച്ചു. പിന്നീടാണ് കരിഞ്ചോലയിലെത്തിയത്.
ഒരു വീടുണ്ടാക്കണമെന്ന സ്വപ്നവുമായി നാലുമാസത്തെ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു താനെന്ന് റാഫി പറഞ്ഞു. കരിഞ്ചേല മലവാരത്തെ വീടും സ്ഥലവും വിറ്റ് പണം കണ്ടെത്തി പുതിയ വീടുണ്ടാക്കാനായിരുന്നു ആലോചന. നാട്ടില്‍ ലോറി ഡ്രൈവറായിരുന്ന റാഫി, രണ്ടരവര്‍ഷം മുമ്പാണ് ജോലിതേടി സൗദിയിലേക്ക് പോയത്.
റാഫിയുടെ സഹോദരി നുസ്രത്തും മക്കള്‍ ഒരുവയസ്സുകാരി റിഫ മറിയവും മൂന്നര വയസ്സുകാരി റിന്‍ഷ മഹറിനും കുപ്പായക്കോട്ടെ വീട്ടില്‍നിന്ന് തറവാട്ടില്‍ വിരുന്നെത്തിയതായിരുന്നു. ഉപ്പ ഹസന്‍ ഭിന്നശേഷിക്കാരനാണ്. വീല്‍ചെയറിലായിരുന്നു സഞ്ചാരം. ഉമ്മ ആസ്യ, സഹോദരി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ജന്നത്ത്, ഭാര്യ ഷംമ്‌ന, മകള്‍ മൂന്നുവയസ്സുകാരി നിയ ഫാത്തിമ എന്നിവരായിരുന്നു ദുരന്തസമയം വീട്ടിലുണ്ടായിരുന്നത്.
ഹസന്റെ മൃതദേഹം ഉരുള്‍പൊട്ടലുണ്ടായ വ്യാഴാഴ്ച വീടിരുന്ന സ്ഥലത്തുനിന്ന് ലഭിച്ചു. നുസ്രത്തിന്റെ മകള്‍ റിഫ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. റിന്‍ഷ മഹറിന്‍, നിയ ഫാത്തിമ, നുസ്രത്ത്, ഷംന എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച നൂറ്റമ്ബത് മീറ്ററോളം താഴെ മണ്ണിനടിയില്‍നിന്നും ലഭിച്ചു. ഉമ്മ ആസ്യയെ ഇനിയും കണ്ടെത്തിയിട്ടില്ല.
Post Your Comments