യോഗ ചെയ്യുമ്പോൾ പ്രധാനമാണ് ഇരിപ്പിടം. തറയിൽ വെറുതെ ഇരുന്നു യോഗ ചെയ്താൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക. യോഗയിൽ പ്രധാനമായ കാർപെറ്റുകളുടെ വിൽപ്പന നടത്തിക്കൊണ്ട് സർക്കാർ സ്ഥാപനമായ ആലപ്പുഴയിലെ ഫോം മാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡ് നേട്ടമുണ്ടാക്കുകയാണ്.
പ്രകൃതി സൗഹൃദ യോഗ മാറ്റിലൂടെ രാജ്യാന്തര പെരുമ നേടാനുള്ള ഒരുക്കത്തിലാണു കമ്പനി. ചൈന പുറത്തിറക്കുന്ന സിന്തറ്റിക് യോഗ മാറ്റാണ് ഇന്ത്യയിൽ കൂടുതലും വിറ്റുപോകുന്നത്. അതിനെ വെല്ലാൻ കേരള ബ്രാൻഡ് ഇക്കോ ഫ്രണ്ട്‌ലി യോഗ മാറ്റ് കഴിഞ്ഞ യോഗാ ദിനത്തിലാണ് ഫോം മാറ്റിങ്സ് പരീക്ഷണാർഥം പുറത്തിറക്കിയത്. കഴിഞ്ഞ വർഷമാണ് ആദ്യമായി മാറ്റുകൾ പുറത്തിറക്കിയത് അന്ന് ഇറക്കിയ ആയിരം എണ്ണവും വിറ്റു പോയി.
വരുന്ന യോഗാദിനത്തിനായി അയ്യായിരം എണ്ണം കമ്പനി പുറത്തിറക്കുന്നു. കോട്ടൺ നൂല് ഉപയോഗിച്ച് സാധാരണ തറിയിൽ നെയ്തെടുക്കുന്ന മാറ്റിന് യൂറോപ്പിൽ നിന്നുപോലും ആവശ്യക്കാരും വന്നുതുടങ്ങി. ജർമനിയിൽ ഒരു പ്രദർശനത്തിന് ഇൗ മാറ്റും സംസ്ഥാന സർക്കാർ വച്ചിരുന്നു. അതോടെയാണു വിദേശത്തും ശ്രദ്ധിക്കപ്പെട്ടത്.
നിലവിൽ വിപണിയിലുള്ള യോഗ മാറ്റിൽ ഏറെയും പരിസ്ഥിതി സൗഹൃദമല്ലാത്ത സിന്തറ്റിക് ഉൽപന്നങ്ങളാണ്. തറിയിൽ നൂലുപയോഗിച്ചു നെയ്തെടുത്ത യോഗ മാറ്റ് ആദ്യമായാണെന്നു ഫോം മാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡ് എംഡി ഡോ. എസ്. രത്നകുമാരൻ പറയുന്നു. വിയർപ്പ് പിടിച്ചെടുക്കുമെന്നതും കഴുകി ഉപയോഗിക്കാമെന്നതും പ്രത്യേകത. ‘ആരോഗ്യ’ എന്ന പേരിൽ കേരള കയർ ബ്രാൻഡ് ചിഹ്നത്തോടു കൂടിയാണു മാറ്റ് ഇറങ്ങുന്നത്.
625 രൂപയാണ് വില. യോഗ പ്രോൽസാഹിപ്പിക്കുന്നതിന് ഇതിൽ 20% വിലക്കിഴിവുണ്ട്. ചുരുട്ടിക്കൊണ്ടുപോകാൻ തുണികൊണ്ടുള്ള കവറും നൽകും.
Post Your Comments