ചെങ്ങന്നൂർ: അമ്മയുടെ മൃതദേഹത്തിന് റോഡരികിൽ ചിതയൊരുക്കി ദളിത് കുടുംബം. ചെങ്ങന്നൂർ നഗരസഭയ്ക്ക് പൊതുശ്മശാനം ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ സംസ്ക്കാരം നടത്തിയത്. സ്വന്തം മകനെ നടുറോട്ടിൽ സംസ്കരിച്ച് മൂന്ന് വർഷം പിന്നിടും മുമ്പാണ് 82 വയസുള്ള കുട്ടിയമ്മയുടെ മൃതദേഹം വീടിന്റെ ഷീറ്റ് പൊളിച്ച് റോഡരികിൽ സംസ്കരിച്ചത്.
കുട്ടിയമ്മയുടെ കുടുംബത്തിന് ആകെയുള്ളത് അര സെന്റ് ഭൂമിയാണ്. അതിൽ രണ്ട് ചെറിയ മുറികൾ അടങ്ങുന്നതാണ് വീട്. ഇവിടെ മരുമകൾക്കും ചെറുമകൾക്കും ഒപ്പം താമസിച്ച കുട്ടിയമ്മ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. വീട്ടുവളപ്പിൽ സംസ്കാരത്തിന് സ്ഥലമില്ലാത്തതിനാൽ വീടിന്റെ ഷീറ്റ് പൊളിച്ചു. കുമരകത്ത് നിന്നെത്തിച്ച ഇരുമ്പ് പെട്ടിയിൽ വീടിനോട് ചേര്‍ന്നുള്ള റോഡരികിൽ ചിതയൊരുക്കി.
Read more: ദളിത് കുടുംബം വീടിനുള്ളിൽ ശൗചാലയം നിര്‍മ്മിച്ചു ; പിന്നീട് സംഭവിച്ചത്
മൂന്ന് വർഷം മുമ്പ് കുട്ടിയമ്മയുടെ മകൻ ശശി ക്യാൻസർ രോഗം പിടിപെട്ട് മരിച്ചപ്പോൾ നടുറോഡിലാണ് സംസ്കരിച്ചത്. ചെങ്ങന്നൂർ നഗരസഭയ്ക്ക് കീഴിൽ ഒരു പൊതു ശ്മശാനമെന്നത് നാട്ടുകാരുടെ നാൽപത് വർഷമായിട്ടുള്ള ആവശ്യമാണ്. നഗരസഭ ഇതിനായി പല സ്ഥലങ്ങളും കണ്ടെത്തിയിരുന്നു എന്നാൽ പ്രാദേശിക എതിർപ്പ് കൂടിയതോടെയാണ് പൊതുശ്മശാനം വേണ്ടെന്ന് വെച്ചതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Post Your Comments