ഖത്തർ : രാജകുടുംബത്തെ പറ്റിച്ച് കോടികൾ തട്ടിയതായി പരാതി. സ്വര്‍ണ ചട്ടക്കൂടില്‍ രാജാവിന്റെ ചിത്രം വരച്ചുനല്‍കാമെന്ന് പറഞ്ഞാണ് ഖത്തര്‍ രാജകുടുംബാംഗത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 5.80 കോടി രൂപ തട്ടിയെടുത്തത്. പണമെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.
മൊബൈല്‍ ബാങ്കിങ് വഴിയാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. പരാതി നേരിട്ട് നല്‍കാന്‍ അടുത്തദിവസം ഖത്തര്‍ രാജകുടുംബത്തിന്റെ പ്രതിനിധി കേരളത്തിലെത്തും. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ രാജകുടുംബം ജില്ലാ പോലീസ് സൂപ്രണ്ടിന് ഇമെയിലില്‍ നല്‍കിയ പരാതിയിലാണ് നടപടി.
കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പേരില്‍ ചന്തപ്പുര വടക്കുഭാഗത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. എത്തിയ പണത്തിന്റെ വലിയൊരുഭാഗം പിന്‍വലിച്ചിട്ടുണ്ട്. ബാങ്കില്‍ ഇയാള്‍ അടുത്തിടെ തുറന്ന അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
ഖത്തര്‍ രാജാവിന്റെ ആറടി ഉയരവും മൂന്നടി വീതിയുമുള്ള ചിത്രം ന്യൂയോര്‍ക്കിലുള്ള ചിത്രകാരന്‍മാരെക്കൊണ്ട് സ്വര്‍ണ ഫ്രെയിമില്‍ വരപ്പിച്ച് ഖത്തര്‍ മ്യൂസിയം അതോറിറ്റിക്ക് കൈമാറാമെന്ന് രാജകുടുംബത്തിലെ ഒരു രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിപ്പിന് പിന്നിൽ കേരളത്തിലും വിദേശത്തുമുള്ള ഒരു സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. എന്നാൽ സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ സാധിക്കില്ലെന്ന് കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി. ബിജുകുമാര്‍ പറഞ്ഞു.
Post Your Comments