Latest NewsGulf

മാധ്യമ പ്രവർത്തകയുടെ ഇന്ത്യാ വിരുദ്ധ പരാമർശം വിവാദമാകുന്നു

ദുബായ്: ദുബായിൽ നടന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തക രാജ്യവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത് വിവാദമാകുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി നേരിടുന്ന രാജ്യത്ത് നിന്നാണ് താൻ വരുന്നത് എന്നായിരുന്നു മാധ്യമ പ്രവർത്തകയായ ഭാഷാ സിംഗിന്‍റെ പരാമർശം. ഇവരുടെ നടപടി അതിഥികളെ അമ്പരപ്പിച്ചു. പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന ചില ജന പ്രതിനിധികളും, ഇന്ത്യയിൽ നിന്നും ക്ഷണിക്കപ്പെട്ട് എത്തുന്ന ചില സാമൂഹിക സാഹിത്യ പ്രവർത്തകരും ഇന്ത്യയെയും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കാൻ ശ്രമിക്കുന്നതായി മുന്‍പേ തന്നെ പരാതി ഉയര്‍ന്നിരുന്നു. രാഷ്ട്രീയ, മത ഭേദമില്ലാതെ സൗഹൃദത്തോടെ കഴിയുന്ന പ്രവാസികൾക്കിടയിൽ ഇത്തരം പ്രവണതകൾ എതിര്‍പ്പുകള്‍ക്കിടയാക്കിയിട്ടുണ്ട്.

ഭാഷാസിങ്ങിന്റെ വിമർശനങ്ങൾക്ക് ശേഷം സംസാരിച്ച, ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, അന്യ രാജ്യത്തു വെച്ച് ഭാരതത്തേയും, സർക്കാരിനെയും വിമർശിക്കുന്നതിനോടുള്ള എതിർപ്പ് അറിയിച്ചു. തെറ്റുകൾ തിരുത്താനും, ശരിയായി മുന്നേറാനും തക്ക വണ്ണം ശക്തിയും, ആർജ്ജവവും ഉള്ളതാണ് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം എന്നദ്ദേഹം ഓർമിപ്പിച്ചു. പിന്നീട്, മുസ്ലിം ലീഗ് എം പി അബ്ദുൽ വഹാബും ഭാരത സർക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.

പ്രമുഖ പ്രവാസി മലയാളി പുത്തൂർ റഹ്മാൻ രചിച്ച ഇസ്മുഹു അഹമ്മദ് എന്ന അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തക ഭാഷ സിംഗ് കടുത്ത വിമർശനവും, അധിക്ഷേപവും ഇന്ത്യൻ സർക്കാരിനെതിരെ ഉയർത്തിയത്. ജനാധിപത്യത്തിനും, മതേതരത്വത്തിനും ഭീഷണി നിലനിൽക്കുന്ന രാജ്യത്തു നിന്നാണ് ഞാൻ വരുന്നതെന്ന അവരുടെ പരാമർശം ചടങ്ങിൽ പങ്കെടുത്ത ക്ഷണിക്കപ്പെട്ട അതിഥികളെ പോലും അമ്പരപ്പിച്ചു.

ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് ഇന്ത്യൻ പീപ്പിൾ ഫോറം ഭാരവാഹികൾ പറഞ്ഞു. ചില ജനപ്രതിനിധികളും, ഇന്ത്യയിൽ നിന്നെത്തുന്ന മാധ്യമ – മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെടുന്ന ചിലരും വിദേശ രാജ്യമാണെന്ന ചിന്ത പോലുമില്ലാതെ രാഷ്ട്രീയ പരിപാടികളിലേതു പോലെ കിട്ടുന്ന എല്ലാ അവസരങ്ങളിലും, വേദികളിലും ഇന്ത്യയെയും ഇന്ത്യൻ ഗവണ്മെന്റിനെയും അധിക്ഷേപിക്കുന്നതായി പരാതികൾ ഉയർന്നു കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യൻ സർക്കാർ വളരെ നല്ല ബന്ധമാണ് വെച്ച് പുലർത്തുന്നത്. ലോകം ശ്രദ്ധിക്കുന്ന പല നല്ല കരാറുകളും ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ ചെയ്തു കഴിഞ്ഞു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിദേശ രാജ്യങ്ങളുമായി നല്ലബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. പ്രവാസികളുടെ എല്ലാ ആവശ്യങ്ങളിലും വളരെയേറെ ശുഷ്‌കാന്തി പുലർത്തുക വഴി സുഷമയ്ക്ക് പ്രവാസികളുടെ തന്നെ അഭിനന്ദനം ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button