Life StyleHealth & Fitness

മാനസിക ആരോഗ്യത്തിന് യോഗ

ശരീരത്തെപ്പോലെ ദൃശ്യമായ രൂപഭാവങ്ങളോടുകൂടിയ ഒന്നല്ല മനസ്സ്. എന്നാൽ ആരോഗ്യമെന്നത് അത് ശരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവ പരസ്പരനം പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. മാനസിക സമ്മര്‍ദം ഇവ രണ്ടിനെയും താളംതെറ്റിക്കുന്നു

യോഗമുറകള്‍ മനസ്സിനേയും ശരീരത്തേയും ഒരുപോലെ സുസജ്ജമാക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട യോഗവിധിയാണ് പ്രാണായാമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും ചിന്തകളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാകയാല്‍ അതിനെ സ്വാധീനിക്കുമ്പോള്‍ രണ്ടും-ശരീരവും ചിന്തകളും-സ്വായത്തമായിത്തീരുന്നു. ഇതില്‍ ആദ്യം അഭ്യസിക്കേണ്ടത് നാഡിശുദ്ധി എന്ന പ്രാണായാമം ആണ്.

നാഡിശുദ്ധി പ്രാണായാമം

മനുഷ്യശരീരത്തില്‍ 72,000 നാഡികളാണുള്ളത്. ഇവയെല്ലാം ഇഡ, പിംഗള എന്നീ രണ്ടു നാഡികളായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവയില്‍ ഇഡാനാഡിയുടെ മുഖം ഇടത്തെ നാസാദ്വാരവും പിംഗള നാഡിയുടേത് വലത്തെ നാസാദ്വാരവും ആകുന്നു. ഈ നാഡികളുടെ ശുദ്ധി അതിനോടു ബന്ധപ്പെട്ട എല്ലാ നാഡികളേയും ശുദ്ധിചെയ്യുന്നു. വായുവിനെക്കൊണ്ട് പൊടിപടലങ്ങള്‍ എങ്ങനെ മാറ്റപ്പെടുന്നുവോ അതുപോലെ പ്രാണായാമത്തെക്കൊണ്ട് നാഡികളിലുള്ള മാലിന്യങ്ങള്‍ നിര്‍ഹരിക്കപ്പെടുന്നു എന്നതാണ് യോഗശാസ്ത്രസിദ്ധാന്തം. രണ്ടു നാസാദ്വാ രങ്ങളിലൂടേയും മാറി മാറി ചെയ്യുന്നതുകൊ ണ്ട് ഇതിനു ‘അനുലോമ വിലോമം’ എന്നും പേരുണ്ട്.

ശീതളി പ്രാണായാമം

ശരീരത്തിനു ശൈത്യത്തെ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതിനു ശീതളി എന്ന പേരു സിദ്ധിച്ചിട്ടുള്ളത്. പത്മാസനത്തിലോ, സിദ്ധാസനത്തിലോ, സുഖാസനത്തിലോ ഇരുന്ന് ശീതളി അഭ്യസിക്കാം. നിവര്‍ന്നിരുന്ന് നാക്ക് ഒരു പ്രത്യേക രീതിയില്‍ മടക്കി കാക്കയുടെ കൊക്കിന്റെ ആകൃതിയിലാക്കി (ഇതിനു കാകിമുദ്ര എന്നു പറയും) വായിലൂടെ സുദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുക്കണം. അതിനുശേഷം കുറച്ചുനേരം ഉള്ളില്‍നിര്‍ത്തി പിന്നീട് രണ്ടു നാസാദ്വാരങ്ങളിലൂടേയും സാവധാനം പുറത്തുവിടണം. ഇത് ഒരു പ്രാണായാമമാണ്. ഇപ്രകാരം ആറു തവണ അഭ്യസിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുന്നത് 6 മാത്രയും നിര്‍ത്തുന്നത് 24 മാത്രയും പുറത്തുവിടുന്നത് 12 മാത്രയും എന്ന ക്രമത്തിലാണ്.

പവനമുക്താസനം

മലര്‍ന്നുകിടന്ന് ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി പുറത്തുവിട്ടുകൊണ്ട് തുടകള്‍ ദേഹത്തോട് ചേര്‍ത്തുവയ്ക്കണം. പിന്നീട് കൈകള്‍കൊണ്ട് കാലുകള്‍ മുറുകെ പിടിച്ച് സാധാരണ ശ്വാസത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു കിടക്കണം. ശ്വാസം ഉള്ളിലേക്കെടുത്ത് പാദങ്ങള്‍ താഴെവെച്ച് ശ്വാസം പുറത്തുവിട്ടുകൊണ്ട് കാലുകള്‍ നിവര്‍ത്തണം. ഇപ്രകാരം മൂന്നോ നാലോ തവണ ആവര്‍ത്തിക്കാം.

ധ്യാനം

പൂര്‍ണമായ ധ്യാനം സാധാരണക്കാരന് അപ്രാപ്യമാണ്. എന്നാലും ഏകാഗ്രതയ്ക്കുള്ള ഉപാധിയെന്നോണം ലഘുവായി ഇതിനെ അഭ്യസിക്കാം. പത്മാസനത്തിലോ സുഖാസനത്തിലോ ഇരുന്ന് കണ്ണടച്ച് മനസ്സിലുള്ള എല്ലാ വിചാരങ്ങളേയും മാറ്റിനിര്‍ത്തി സ്വസ്ഥമായി ഏതെങ്കിലും ഒരു വസ്തുവില്‍മാത്രം കേന്ദ്രീകരിച്ച് മനസ്സിനെ നിയന്ത്രിക്കുന്ന പ്രക്രിയയാണിത്. ഇഷ്ടമുള്ള ഏതെങ്കിലും വസ്തുവിനെ (ധ്യേയസങ്കല്പം) മനസ്സില്‍ വിചാരിക്കാം.

ധ്യാനത്തില്‍നിന്ന് നിവര്‍ത്തിക്കുമ്പോള്‍ മൂന്നുതവണ ദീര്‍ഘശ്വാസം ചെയ്ത് അവസാനിപ്പിക്കാവുന്നതാണ്. ചിലപ്പോള്‍ ആദ്യമൊന്നും ധ്യേയസങ്കല്പം ശരിയായിക്കൊള്ളണമെന്നില്ല. നിരന്തരമായ അഭ്യാസംകൊണ്ട് മാത്രമേ ഇത് സിദ്ധിക്കുകയുള്ളൂ. മാനസിക അസ്വാസ്ഥ്യത്തില്‍ ഓരോന്നിനും വെവ്വേറെ യോഗമുറകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാമാന്യമായ ചിലതുമാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും യോഗസാധന ചെയ്യേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button