സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി മറ്റൊരു ചെറിയ പെരുന്നാള്‍ കൂടി വരവായി. ലോകമെങ്ങും ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പെരുന്നാളിന് പടക്കങ്ങള്‍ ഉപയോഗിക്കുകയോ വെടിക്കെട്ടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഈ ഗള്‍ഫ് രാജ്യം.
ഒമാനാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ ഒമാനിലേക്ക് പെരുന്നാള്‍ പ്രമാണിച്ച് പടക്കങ്ങള്‍ കടത്താന്‍ ശ്രമിച്ചതും അധികൃതര്‍ തടഞ്ഞിരുന്നു. അല്‍ വജാജ, ഖത്ത്മത്ത് എന്നീ അതിര്‍ത്തികള്‍ വഴി വാഹനത്തില്‍ പടക്കം കടത്താന്‍ ശ്രമിച്ചതാണ് തടഞ്ഞത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരും കുട്ടികളെ പടക്കം ഉപയോഗിക്കുന്നതിലെ അപകടങ്ങള്‍ പറഞ്ഞ് മനസിലാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പടക്കങ്ങള്‍ രാജ്യത്തേക്ക് കൊണ്ടു വരുന്നവര്‍ക്ക് കനത്ത നിയമ നടപടികളാകും നേരിടേണ്ടി വരിക. പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് വെടിവെക്കുന്നതും രാജ്യത്ത് നിരോധിച്ചു. നിയമം ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments