Kerala

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടിമപണി : ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ പൊലീസുകാരുടെ അടിമപണി പുറത്തുവന്നതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്രയോടാണ് അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വീട്ടിലെ ജോലിക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാനും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ഹാജരാക്കാനുമാണു ബെഹ് റയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില്‍ അടിമപ്പണിയാണെന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു നടപടി.

എ.ഡി.ജി.പിയുടെ മകളില്‍ നിന്ന് പോലീസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിന് അധീതരല്ല. അതിനെതിരെ പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ എത്ര ഉന്നതരായാലും നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനക്കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കു കൈമാറി. തിരുവനന്തപുരം സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപനാണ് അന്വേഷണച്ചുമതല. എഡിജിപിയുടെ മകള്‍ മര്‍ദിച്ചെന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതിയും ഡ്രൈവര്‍ മര്‍ദിച്ചെന്ന മകളുടെ പരാതിയും ഒരുമിച്ച് അന്വേഷിക്കും. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ഗവാസ്‌കറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കയ്യോടെ പിടിച്ചിരുന്നു. എഡിജിപിയുടെ വീട്ടിലെ പട്ടിക്കുള്ള മീന്‍ വറുക്കാനായി എസ്എപി ക്യംപിലെത്തിയ പോലീസുകാരനെ മറ്റുള്ളവര്‍ തടഞ്ഞു. പോലീസുകാരെ വിട്ടു പട്ടിക്കായി മീന്‍വാങ്ങിക്കുന്നതു പതിവാണെന്നു ജീവനക്കാരും സമ്മതിച്ചു. ഇതോടെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button