Latest NewsKerala

കരി‍ഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിര്‍മ്മാണങ്ങളെന്ന് ആരോപണം : നടന്നത് വൻ തോതിൽ പ്രകൃതി ചൂഷണം

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നടന്ന കരി‍ഞ്ചോലമലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത് പഞ്ചായത്തിന്‍റെ ഒരനുമതിയുമില്ലാതെയെന്ന് സ്ഥിരീകരണം. വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്ന ഇത്തരം സംഘങ്ങള്‍ പ്രദേശത്ത് വന്‍തോതിലാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. ക്വാറി, മണല്‍ഖനനം ഇങ്ങനെ പല വിധമാണ് കരിഞ്ചോലമലയിലെ പ്രകൃതി ചൂഷണം. ദുരന്തനിവാരണ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍ പറത്തുന്നു. ഇതാണ് ഇവിടെയുണ്ടായ ദുരന്തങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

പുറത്ത് നിന്നുള്ള ആളുകള്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇവിടെ വാങ്ങിക്കൂട്ടുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പഞ്ചായത്തിന്‍റെ അനുമതി പോലും തേടാറില്ല. എതിര്‍ക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള തന്ത്രവും ഇവര്‍ക്കറിയാം.അതെ സമയം നിയമംലംഘിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മേല്‍ പഞ്ചായത്ത് കണ്ണടക്കുന്നുണ്ടോയെന്നാണ് പ്രദേശവാസികളുടെ സംശയം. എന്നാല്‍ കരിഞ്ചോലമലയിലെ അനധികൃത തടയണ നിര്‍മ്മാണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം.

താമരശേരി താലൂക്കിലെ ദുരന്ത സാധ്യതാ മേഖലയില്‍ കട്ടിപ്പാറ പഞ്ചായത്തിലെ ഈ പ്രദേശങ്ങളും പെടും. ഇത്തരം പ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനോ വെള്ളം കെട്ടി നിര്‍ത്താനോ പാടില്ലെന്ന പ്രധാന നിര്‍ദ്ദേശം തന്നെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആണ് ഈ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ പുറം ലോകത്തെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button