സര്‍വ്വാഭരണ വിഭൂഷിതമായ ദേവീ രൂപങ്ങളാണ് കൂടുതല്‍ ക്ഷേത്രങ്ങളിലും പ്രതിഷ്ഠ. എന്നാല്‍ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഭാരതത്തിലുണ്ട്. അതും കേരളത്തില്‍ … കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട നാല് അംബികാക്ഷേത്രങ്ങളിലൊന്നായ കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രമാണിത്. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
കന്യാകുമാരിയിൽ ബാലാംബികയായും വടകര ലോകനാർകാവിൽ ലോകാംബികയായും കൊല്ലൂരിൽ മൂകാംബികയായും അകത്തേത്തറയിൽ ഹേമാംബികയെയുമായാണ് പരശുരാമൻ പ്രതിഷ്ഠിച്ചത്. ജലത്തിൽ പ്രത്യക്ഷപ്പെട്ട അംബികയായതിനാലാണ് ഹേമാംബികയെന്ന വിശേഷണം. പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക് ദുർഗാദേവിയായും ഐശ്വര്യപ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ ഇല്ലാത്ത ഒരു ക്ഷേത്രമെന്ന പ്രത്യേകത കൂടിയുണ്ട്.
കൈപ്പത്തിവിഗ്രഹത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂർ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു. പ്രായാധിക്യത്താൽ ദേവിയെ നിത്യവും പൂജിക്കാൻ പോവാൻ കഴിയാത്ത ഒരു അവസ്ഥ വന്നു. അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദർശനമുണ്ടായി. പൂജയിൽ സംപ്രീതയായതിനാൽ തുടർന്നും പൂജചെയ്യാൻ കുറൂർ മനയുടെ അടുത്തുള്ള കുളത്തിൽ പ്രത്യക്ഷയാകുമെന്നും പൂർണരൂപം ദർശിച്ചശേഷമേ സംസാരിക്കാൻപാടുള്ളു എന്നും അരുളി .കുളത്തിൽ നിന്ന് ആദ്യം ദേവിയുടെ കരങ്ങളാണ് ഉയർന്നു വന്നത് .കണ്ടപാടെ അദ്ദേഹം “അതാ കണ്ടു” എന്ന് അറിയാതെ പറഞ്ഞു .ഇതോടെ കൈകൾ മാത്രം ദർശനം നൽകി ദേവി അപ്രത്യക്ഷയായി .കൈകൾ കണ്ടമാത്രയിൽ സന്തോഷത്താൽ കുറൂർ നമ്പൂതിരി ദേവിയുടെ കൈകളിൽ പിടിച്ചു വലിച്ചു .അപ്പോഴേക്കും അത് ശിലയായിമാറിയിരുന്നു. സ്വയംഭൂവായ ഈ രണ്ടുകരങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ.
പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാൽ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മീയായതിനാൽ പാൽപ്പായസവും സന്ധ്യക്ക് ദുർഗാദേവിയായതിനാൽ കടുംപായസവും ആണ് വഴിപാട് . കൊടിയേറ്റുത്സവം ഇവിടെ നടത്താറില്ല . നവരാത്രികാലങ്ങളിലെ ഒൻപതു ദിവസമാണ് ഇവിടെ പ്രധാനം. സന്താനഗോപാലം, സ്വയംവരപുഷ്‌പാഞ്‌ജലി ,ദ്വാദശാക്ഷരീ പുഷ്‌പാഞ്‌ജലി എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടാണ്. “കുട്ടിയും തൊട്ടിയും” ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ്. സന്താന ഭാഗ്യമില്ലാത്തവർ ദേവിയെ കണ്ടു പ്രാർഥിച്ച് കുഞ്ഞു ജനിച്ചുകഴിയുമ്പോൾ ആറാംമാസത്തിൽ കൊണ്ടുവന്നു അടിമകിടത്തി തൊട്ടിൽ സമർപ്പിക്കുന്ന വഴിപാടാണിത് .
Post Your Comments