ന്യൂഡല്‍ഹി : വിദേശഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയില്‍ വിവാഹം കഴിച്ചാല്‍ അത് ഒരാഴ്ചയ്ക്കകം റജിസ്റ്റര്‍ ചെയ്യണമെന്നും പാസ്‌പോര്‍ട്ടില്‍ വിവാഹം നടന്ന വിവരം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്‍ആര്‍ഐ ഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിക്കുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു മന്ത്രിതല തീരുമാനം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പാസ്‌പോര്‍ട്ട് അസാധുവാക്കാനാണ് ആലോചിക്കുന്നത്.
ഇതിനുവേണ്ടി പാസ്‌പോര്‍ട്ട് നിയമത്തില്‍ അടിയന്തര ഭേദഗതികള്‍ കൊണ്ടുവരാനാണു നീക്കമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി. എന്‍ആര്‍ഐ ഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിക്കുന്നതു തടയാന്‍ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞ വര്‍ഷമാണു കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാനലിനെ നിയോഗിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി എന്നിവര്‍ പാനലിലുണ്ട്.
നിലവില്‍ പഞ്ചാബ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. കഴിഞ്ഞ ബുധനാഴ്ച പാനല്‍ പ്രത്യേക യോഗം ചേരുകയും നിയമ ഭേദഗതികള്‍ക്കായുള്ള കരട് തയാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനുശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. ഭാര്യമാരെ ഉപേക്ഷിക്കുന്നവര്‍ക്കു സ്വത്തുക്കളില്ലെങ്കില്‍ കുടുംബ സ്വത്തിലെ അവരുടെ പങ്ക് പിടിച്ചെടുക്കണമെന്നു യോഗത്തില്‍ സുഷമാ സ്വരാജും മേനകാ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു ന്യായീകരിക്കാവുന്നതല്ലെന്ന നിലപാടാണു നിയമമന്ത്രാലയം സ്വീകരിച്ചത്.
2015 വരെ ഇന്ത്യന്‍ വനിതകളില്‍ നിന്ന് 3328 പരാതികള്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് വി.കെ. സിങ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. 3268 പേര്‍ക്കു നിയമനടപടികള്‍ നേരിടുന്നതിനുള്ള കൗണ്‍സിലിങ്ങും നല്‍കി.
Post Your Comments