Kerala

പേമാരിയും കാറ്റും തുടരും, മഴക്കെടുതിയില്‍ മരണം പതിനാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിയും ശക്തമായ കാറ്റും തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കൂടുമെന്നാണ് വിവരം. മഴക്കെടുതിയില്‍ ഇന്നലെ മാത്രം ആറ് പേര്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16ആയി. ചേര്‍ത്തല പള്ളിപ്പുറം തിരുനെല്ലൂര്‍ കായലില്‍ കുളിക്കാനിറങ്ങിയ മുഹമ്മ കരിങ്ങണ്ടയില്‍ വിനു മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി ശശിധരന്‍ മരിച്ചു.

read also: കനത്ത മഴ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റു വയനാട് പുല്‍പള്ളിയില്‍ വീട്ടമ്മ മരിച്ചു. അന്‍പത്തിയാറിനു സമീപം മൂലത്തറ സുരേന്ദ്രന്റെ ഭാര്യ ഷൈലയാണ് മരിച്ചത്. അടിമാലി മച്ചിപ്ലാവ് പറക്കുടിസിറ്റിയില്‍ മോട്ടോര്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കോമയില്‍ ബിജു മരിച്ചു.

പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം തെങ്ങുവീണ് പരുക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു. ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്.

സംസ്ഥാനത്ത് 13 വരെ ശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റു വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുതെന്നും മറ്റിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button