“മെൽബ പ്രിഅ/മെൽബ പ്രിയ” ഇന്ത്യയിലെ മെക്സിക്കൻ അംബാസഡർ.ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏവരെയും ആകർഷിക്കുന്ന ഈ മാന്യവ്യക്തിത്വം തന്റെ ഔദ്യോഗിക വാഹനത്തിന്റെ തിരഞ്ഞെടുപ്പിലും ആ ലാളിത്യം പുലർത്തിയെന്നത് പ്രശംസനീയമാണ്. ആഡംബര വാഹനങ്ങളിൽ ചുവന്ന വെളിച്ചവും,സൗകര്യങ്ങളും ഒരുക്കിയാൽ മാത്രമേ തങ്ങളുടെ ഡ്യൂട്ടി നിർവഹിക്കൂ എന്ന് നിർബന്ധം പിടിക്കുന്ന ഭരണാധികരളിൽ നിന്നും വേറിട്ട മുഖവുമായി കടന്നു വന്ന ‘മെൽബ പ്രിയ’യുടെ ഔദ്യോഗിക വാഹനം ‘ഓട്ടോറിക്ഷ’ ആണ്!!സാധാരണ വി ഐ പി ഏരിയകളിൽ കടന്നു ചെല്ലാൻ അനുവാദമില്ലാത്ത മൂന്നൂ ചക്രങ്ങളുള്ള അതേ “ഓട്ടോറിക്ഷ “തന്നെയാണ് ഇന്ന് എംബസിയിലെ ആഡംബര വാഹനങ്ങൾക്കു നടുവിൽ വി വി ഐ പി യായി വിശ്രമിക്കുന്നത്!
മെൽബ പ്രിഅ(Melba pria)
മെക്സിക്കോയുടെ പൊതു-സ്വകാര്യ മേഖലകളിൽ കഴിഞ്ഞ 40 വർഷമായി. സേവനമനുഷ്ഠിക്കുന്ന മെൽബ പ്രിഅ 2015 ലാണ് മെക്സിക്കൻ അംബാസഡറായി ഇന്ത്യയിലെത്തിയത്!അതിനുമുൻപ് ഇൻഡോനേഷ്യയിലായിരുന്നു നിയമനം.ഇന്ത്യയുടെയും മെക്സിക്കോയുടെയും സംസ്കാരത്തിൽ നിരവധി സമാനതകളുണ്ടെന്ന് ചിരിയോടെ പറയുമ്പോൾ, അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ടെൻഷനൊന്നും കാണാനുണ്ടായിരുന്നില്ല! ഭാരതത്തേയും ഭാരതീയ സംസ്കാരത്തേയും ഇഷ്ടപ്പെടുന്ന വിദേശിയായ സ്വദേശിയാണെന്ന് പറയാം.അതു കൊണ്ട് തന്നെ “പ്രിഅ”എന്ന നാമം “പ്രീയ”എന്ന് ഇവിടെയുള്ളവർ ഉച്ചരിക്കുമ്പോൾ മനം കുളിർക്കുന്ന ചിരി സമ്മാനിക്കുന്നത്!
ഔദ്യോഗിക വാഹനം ഓട്ടോ ആയതിന് പിന്നിൽ
അന്താരാഷ്ട്രതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ “സ്റ്റാറ്റസ്”നു പറ്റിയ ആഡംബര കാറുകൾ തിരഞ്ഞെടുക്കുമ്പോൾ മെൽബ പ്രിയ തിരഞ്ഞെടുത്തത് സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷയാണ്.അതിനവർ പറയുന്ന കാരണങ്ങളിതാണ് മലിനീകരണം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നില്ക്കുന്ന നഗരമാണ് ഡെൽഹി.മലിനീകരണത്തിനു കാരണമാകുന്നത് പെട്രോളും,ഡീസലും പോലെയുള്ള ഇന്ധനങ്ങൾ നിറച്ച വാഹനങ്ങളുടെ അമിത ഉപയോഗം മാണ്!.നാച്ചുറൽ ഗ്യാസ് ഉപയോഗിച്ച് ഓടുന്ന ഓട്ടോ പോലെയുള്ള ചെറുവാഹനങ്ങൾ അന്തരീക്ഷം കൂടുതൽ മലിനമാക്കാതിരിക്കാൻ സഹായിക്കും.മാത്രവുമല്ല,സാധാരണ ജനങ്ങൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതും ഓട്ടോയാണ്. സാധാരണക്കാരിയായി ജീവിക്കാനാഗ്രഹിക്കു ന്നതിനാൽ കൂടിയാണ് താൻ ഓട്ടോ തിരഞ്ഞെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ഓട്ടോ ഔദ്യോഗിക വാഹനമാക്കാൻ തീരുമാനിച്ചപ്പോൾ നിരവധി എതിർപ്പുകളും പ്രതിസന്ധികളുമുണ്ടായിരുന്നുവെന്നും അവർ പറയുന്നു”!
സാധാരണ പച്ചയും മഞ്ഞയും കലർന്ന ഓട്ടോ അടിമുടി രൂപമാറ്റം വരുത്തിയത് മെക്സിക്കൻ സ്ട്രീറ്റ് ആർട്ടിസ്റ്റ് “സെൻകോയ്” ആണ് !തൂവെള്ള നിറമുള്ള ഓട്ടോയുടെ മുകൾഭാഗത്ത് മനോഹരമായ പൂക്കൾ വരച്ച് മാറ്റു കൂട്ടിയിട്ടുണ്ട്! യുണിഫോംധാരിയായ ഡ്രൈവറും മെൽബയുടെ ഔദ്യോഗിക വാഹനമോടിക്കുന്നതിൽ സന്തോഷവാനാണ്! ഭാരത സന്ദർശനത്തിനായെത്തിയ മെക്സിക്കൻ പ്രധാനമന്ത്രിയും ഔദ്യോഗിക കാര്യങ്ങൾക്കായി ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്!
മെക്സിക്കോ
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ ഒരു കാലത്ത് ലോകത്തിലെ തന്നെ മുൻപന്തിയിലായിരുന്നു മെക്സിക്കോയുടെ സ്ഥാനം!1980ൽ മലിനീകരണ നിർമ്മാർജ്ജനത്തിനായി പ്രത്യേകം തയ്യാറാക്കിയ നിയമപ്രകാരം നിരത്തുകളിലെ വാഹനങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തുകയും,8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുകയും ചെയ്തു.പതിയെ പതിയെ മെക്സിക്കൻ ജനത സൈക്കിളിന്റെ ഉപയോഗത്തിലേയ്ക്ക് തിരിയുകയും അങ്ങനെ അന്തരീക്ഷ മലിനീകരണത്തെ ഒരു പരിധി വരെ തടയാനും സാധിച്ചു.ഇത്തരം ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ 2013 ൽ മികച്ച അന്തരീക്ഷവായുവുള്ള രാജ്യംഎന്ന സർട്ടിഫിക്കറ്റിന് അർഹമാവുകയും ചെയ്തു.
ആഢംബരവാഹനങ്ങളും പരിചാരകരും,കൂടെയില്ലെങ്കിൽ ജോലി ചെയ്യാൻ മടിക്കുന്ന ഉന്നത അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കൊരു അപവാദമാണ് മെൽബ പ്രിയ!ഡെൽഹിയുടെ തിരക്കേറിയ ട്രാഫിക് സിഗ്നലുകളിൽ മെൽബ പ്രിയയെ കണ്ടുമുട്ടുന്നവരെല്ലാം അതിശയത്തോടെ നോക്കുമ്പോൾ ചിരിച്ചു കൊണ്ട് വിശേഷങ്ങൾ തിരക്കുന്നു ഈ മാന്യവ്യക്തിത്വം! അമിതമായ വാഹനം ഉപയോഗം മൂലം അന്തരീക്ഷ മലിനീകരണം ഡൽഹിയെ മൊത്തത്തിൽ വിഴുങ്ങാനൊരുങ്ങുമ്പോൾ സ്വദേശികളായ നാട്ടുകാർക്ക് യാതൊരു കുലുക്കവുമില്ല!ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മെൽബ പ്രിയയെ മാതൃകയാക്കാൻ കഴിഞ്ഞെങ്കിൽ!!
ശിവാനി ശേഖര്
Post Your Comments