സിംഗപ്പൂര്‍: ഫ്‌ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായി കുടിവെള്ളത്തില്‍ ഉറക്കഗുളിക എന്ന് കരുതി മരുന്ന് കലക്കി നല്‍കി ഇന്ത്യക്കാരനായ യുവാവ്. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അണ്ണാദുരൈ പ്രഭാകരന്‍(28) എന്ന യുവാവാണ് സംഭവത്തിലെ പ്രതി. ഇയാള്‍ക്ക് സിംഗപ്പൂരില്‍ തടവ് ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷവും പത്ത് മാസവുമാണ് തടവ്.
ഒരേ ഫ്‌ളാറ്റില്‍ അണ്ണാദുരൈയും മറ്റൊരു ഇന്ത്യക്കാരിയും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. 21 കാരിയായ യുവതിക്ക് ഇയാള്‍ ഉറക്ക ഗുളിക എന്ന് കരുതി രണ്ട് ഗുളികകള്‍ കലക്കി നല്‍കുകയായിരുന്നു. യുവതി കുടിക്കാന്‍ വച്ചിരുന്ന കുപ്പിവെള്ളത്തില്‍ ഗുളിക കലര്‍ത്തി.
എന്നാല്‍ ഒരു കവിള്‍ വെള്ളം കുടിച്ചതോടെ അരുചി തോന്നിയ യുവതി വെള്ളം പരിശോധിച്ചപ്പോള്‍ നേരിയ നിറംമാറ്റം കണ്ടിരുന്നു. ഇതോടെ സംശയംതോന്നിയ യുവതി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരുടെ ചോദ്യം ചെയ്യലില്‍ അണ്ണാദുരൈ കുറ്റം സമ്മതിച്ചു.
എന്നാല്‍ പിടിക്കപ്പെടാതിരിക്കാന്‍ കുപ്പിയിലെ വെള്ളം ഇയാള്‍ തട്ടി മറിച്ചു കളയുകയും ചെയ്തു. യുവതിയുടെ സുഹൃത്തുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെള്ളംവച്ചിരുന്ന കുപ്പി ഹെല്‍ത്ത് സയന്‍സ് അതോറിറ്റിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുപ്പിയിലെ വെള്ളത്തില്‍ ഉറക്കമരുന്നിലെ കെമിക്കല്‍സ് ഒന്നും ഇല്ലെന്ന് കണ്ടെത്തിയ വിദഗ്ധര്‍ പക്ഷേ, ലൈംഗിക ഉദ്ധാരണക്കുറവിന് നല്‍കുന്ന മരുന്നിന്റെ ഘടകങ്ങള്‍ കണ്ടെത്തി. കോടതിക്കു മുമ്പാകെയും അണ്ണാദുരൈ കുറ്റം സമ്മതിച്ചു.
Post Your Comments