ന്യൂഡൽഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് രാഷ്ട്രീയലോകം ഉൾക്കൊണ്ടത്. പിജെ കുര്യന് ആ സീറ്റ് വാഗ്ദാനം ചെയ്തപ്പോഴും കോണ്‍ഗ്രസിലെ യുവ നേതൃനിര ഇതിനെതിരെ രംഗത്ത് വന്നപ്പോഴും അപ്രതീക്ഷിതമായ ഈ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. യുഡിഎഫിന് ലഭിക്കാവുന്ന രാജ്യസഭാ സീറ്റ് ഇപ്പോള്‍ യുഡിഎഫിലേക്ക് തിരിച്ചെത്തുന്ന കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസിനാണ് ലഭിച്ചിരിക്കുന്നത്.
Read also: മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയും ആളൂര്‍ കോടതിയില്‍
ഇതോടെ കോണ്‍ഗ്രസിനകത്ത് വലിയ പൊട്ടിത്തെറി ഉണ്ടാകാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവർ ഇത്തരത്തിലൊരു ആലോചന മുൻപുണ്ടായിരുന്നുവെന്ന് പറഞ്ഞെങ്കിലും മുന്‍ കെപിസിസി പ്രസിഡന്റുകൂടിയായ വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് സുധീരന്‍ ഇതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഹൈബി ഈഡന്, കെ.എസ് ശബരീനാഥ്, അനില്‍ അക്കര, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം.ജോണ്‍ എന്നീ എംഎല്‍എമാർ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് തീരുമാനത്തിന് എതിരെ ആറ് യുവ എംഎല്‍എമാരും വി എം സുധീരനും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തിയതോടെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറിയാണെന്നാണ് സൂചന.
Post Your Comments