കോട്ടയം: ഡോക്ടറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത മറിയാമ്മ ചാണ്ടിയുടെ ഉന്നത ബന്ധങ്ങൾ വെളിപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവല്ല കടപ്ര വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണില്‍ സന്തോഷ് (40), തോളുപറമ്പില്‍ രാജേഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെണ്ണപ്പാറമലയില്‍ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അശ്ലീലച്ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മറിയാമ്മ ചാണ്ടിയെ അറസ്റ്റ് ചെയ്‌തത്. മറിയാമ്മയ്ക്കും കൂട്ടുപ്രതികൾക്കും പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്.
കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള അശ്ലീലചിത്രം കൈയിലുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം ഭാര്യയെയും മക്കളെയും കാണിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തുടർന്ന് തുക വാങ്ങുകയും ചെയ്തു.
വീണ്ടും അഞ്ചു ലക്ഷം കൂടി വേണമെന്ന് മറിയാമ്മ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും പണം നൽകി . തങ്ങളുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും അഞ്ച് ലക്ഷം രൂപകൂടി നല്‍കിയാല്‍ പ്രശ്‌നം അവസാനിപ്പിച്ച് കരാര്‍ എഴുതിനല്‍കാമെന്നും പറഞ്ഞ് മറിയാമ്മ വീണ്ടും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഡോക്ടര്‍ പോലീസിൽ പരാതി നൽകിയത്.
കോട്ടയം നഗരത്തിലെത്തിയ അഞ്ചംഗസംഘം ഡോക്ടറില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വാങ്ങി മടങ്ങുന്നതിനിടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്ത്രീ സമാനരീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
കോട്ടയെത്ത പല ഉന്നതരേയും ഇവര്‍ കുടുക്കിയിട്ടുണ്ട്. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. മറിയാമ്മ ചാണ്ടിയാണ് സംഘത്തിലെ പ്രധാനി. കൂടെയുള്ളവരാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments