തിരുവനന്തപുരം•ആര്.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ പുകഴ്ത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ ആര്.എസ്.എസ് ആസ്ഥാനത്ത് ചെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ പ്രിയാമ്പിളില്‍ തന്നെ മതേതരം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള റിപ്പബ്ലിക്കാണ് ഇന്ത്യ. അങ്ങനെയുള്ള റിപ്പബ്ലിക്കിന്റെ തലവനായിരുന്നു കുറച്ചു കാലം മുമ്പ് വരെ പ്രണബ് മുഖര്‍ജി. മതനിരപേക്ഷത അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി തന്നെ ചുമതലപ്പെട്ട സ്ഥാനത്തിരുന്ന ഒരു വ്യക്തിയില്‍ നിന്നാണ് കൃത്യമായും വര്‍ഗീയ ഛിദ്രീകരണത്തിന്റെയും മത വിദ്വേഷ പ്രചാരണത്തിന്റെയും പ്രസ്ഥാനത്തെ സ്ഥാപിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രകീര്‍ത്തിക്കലുണ്ടായത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്; ഇന്ത്യന്‍ ദേശീയതയ്ക്കുമേല്‍ പതിഞ്ഞ മായ്ക്കാനാകാത്ത കളങ്കമാണ്.
ജനാധിപത്യത്തെയോ മറ്റോ കുറിച്ചുള്ള എന്തെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനല്ല, മറിച്ച് 3 വര്‍ഷത്തെ ആര്.എസ്.എസ് പരിശീലനം കഴിഞ്ഞിറങ്ങിയവരുടെ പരേഡിനെ അഭിവാദ്യം ചെയ്യാനാണ് ഈ മുന്‍ രാഷ്ട്രപതി പോയത്. ഈ സന്ദര്‍ശനം തന്നെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. സന്ദര്‍ശനവും സന്ദര്‍ശക പുസ്തകത്തിലെ മുന്‍ രാഷ്ട്രപതിയുടെ കുറിപ്പും മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ തുടര്‍ന്നുവ്യാപരിക്കുന്ന സംഘപരിവാറിന് മാന്യത ചാര്‍ത്തിക്കൊടുക്കുന്ന ശ്രമമായേ കാണാനാവൂ.
രാഷ്ട്രപതിഭവനില്‍ നിന്ന് ക്രിസ്തുമസ് കരോള്‍, ഇഫ്താര്‍ എന്നിവയെ പുറത്താക്കിയ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിലും കൂട്ടത്തോടെ കോണ്ഗ്രസ്സുകാര് ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലും പ്രണബ് മുഖര്‍ജിയുടെ ഈ പ്രകീര്‍ത്തനവും വെള്ളപൂശലും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രയത്നിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഉതകൂ. പ്രണബ് മുഖര്‍ജിയുടെ ഇന്നത്തെ സന്ദര്‍ശനവും നിലപാടും ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തിന്റെ ശോഭയെ കെടുത്തുന്ന രാഷ്ട്രീയപ്രേരിത നീക്കമായേ കാണാനാവൂ. അതിനാല്‍ അതിനെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments