ഭോപ്പാല്‍: വിവരാവകാശ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രത്യക്ഷനികുതി ബോര്‍ഡിന്റെ ഓഫീസില്‍ നിന്ന് ലഭിച്ചത് ഒരായിരം മറുപടി. നികുതി കുടിശ്ശിക എത്രയെന്ന് അറിയാനാണ് മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനെ സമീപിച്ചത്. വിവരാവകാശ നിയമപ്രകാരം ഇദ്ദേഹം കുടിശ്ശിക എത്രവരും എന്നതിന്റെ ഏകീകൃത കണക്കാണ് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് ചന്ദ്രശേഖറിന് ലഭിച്ചത് 1170 ഓളം കത്തുകളാണ്. കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഇദ്ദേഹം അപേക്ഷ നല്‍കിയത്.
ദിനംപ്രതി അമ്പതിലധികം മറുപടികളാണ് രാജ്യത്തെ വിവിധ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഓഫീസുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുദിവസം 90 കത്തുകള്‍ ലഭിച്ച സാഹചര്യം വരെയുണ്ടായെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ദിവസവും കെട്ടുകണക്കിന് കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ച് അയല്‍വാസികള്‍ വരെ വീട്ടിലെത്തിയെന്നും ചന്ദ്രശേഖര്‍ പറയുന്നു. ഇത്തരത്തില്‍ കത്തുകള്‍ തനിക്ക് അയക്കുന്നതിന് കുറഞ്ഞത് 50,000 രൂപയെങ്കിലും ചിലവഴിച്ചിട്ടുണ്ടാകാമെന്നും ഇത് പൊതുജനത്തിന്റെ പണം പാഴാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു.
താന്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. മറുപടിയും അങ്ങനെ തന്നെയായിരുന്നുവെങ്കില്‍ ഇത്രയധികം കത്തുകള്‍ തനിക്ക് അയയ്ക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖര്‍ ഗൗറിന്റെ അപേക്ഷ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മേഖലാ ഓഫീസുകളിലേക്ക് മറുപടി നല്കാന് ആവശ്യപ്പെട്ട് അയച്ചുകൊടുത്തിരുന്നു. ഓരോ മേഖലാ ഓഫീസുകളും അതിന്റെ കീഴില്‍ വരുന്ന വാര്‍ഡ് തല കേന്ദ്രങ്ങളിലേക്ക് ഇവ അയച്ചുനല്‍കി. ഇതോടെ ഒരോ വാര്‍ഡ് കേന്ദ്രങ്ങളില്‍ നിന്നും ദിനംപ്രതിയെന്നോണം ചന്ദ്രശേഖറിന് മറുപടികത്തയയ്ക്കാന് തുടങ്ങിയാതെന്നാണ് സൂചന.
Post Your Comments