മലപ്പുറം: തിയറ്റര്‍ പീഡനം കേസ് വഴി മാറുന്നുവെന്ന് സംശയം. തിയറ്റര്‍ ഉടമയെ പൊലീസ് ചോദ്യം ചെയ്തത് പത്ത തവണയും പീഡന പ്രതി മൊയ്തീന് കുട്ടിയെ ചോദ്യം ചെയ്തത് ഒരു തവണയും.. കുട്ടിയെ പീഡിപ്പിച്ച പ്രതി മൊയ്തീന്‍കുട്ടിയെ ഒരു ദിവസം മാത്രം ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ ചൈല്‍ഡ് ലൈന്‍ കൈമാറിയ ശാരദ തീയേറ്റര്‍ ഉടമയെ ചോദ്യം ചെയ്തത് പത്തിലേറെ തവണ.
മൊഴിയെടുക്കാനെന്ന രീതിയില്‍ പല രീതിയില്‍ സതീഷിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. ഓരോ തവണയും പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ എന്നു കരുതി പരമാവധി സഹകരിക്കുമെന്നും സതീഷ് പറഞ്ഞിരുന്നു.
പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പോലീസില്‍ വിവരം ധരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോലീസ് ഇന്ന് സതീഷിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു നടപടി. സതീഷിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് സതീഷിനെതിരെ ചുമത്തിയിരിക്കുന്നതെങ്കിലും അറസ്റ്റു വിവരം മാധ്യമങ്ങളോട് തുറന്നുസമ്മതിക്കാന്‍ പോലീസില്‍ ആരും തന്നെ തയ്യാറാകുന്നില്ല.
പീഡനദൃശ്യം ഉപയോഗിച്ച് തീയേറ്റര്‍ ഉടമ സതീഷ് പ്രതിയായ മൊയ്തീന്‍കുട്ടിയെ വിലപേശി എന്ന പുതിയ ആരോപണവും പോലീസ് ഉന്നയിക്കുന്നുണ്ട്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ പീഡന ദൃശ്യം ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് കൈമാറിയത്. ദൃശ്യം പരിശോധിച്ച ശേഷം ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയെങ്കിലം 17 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് സംഭവം മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്. ഇതോടെ പ്രതിരോധത്തിലായ പോലീസ് മൊയ്തീന്‍കുട്ടിയെ അറസ്റ്റു ചെയ്തു. സംഭവം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്ന ചങ്ങരംകുളം എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
Post Your Comments