കൊച്ചിയില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ചാനലുകളുടെ പൊടിപ്പും തൊങ്ങലും കൂടിയായപ്പോള്‍ ഏവരും ശരിക്കും ഞെട്ടി. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളിനു സമീപമാണ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ, ദൃശ്യങ്ങളെ കൂട്ട് പിടിച്ച് ഏവരും ദമ്പതികളെ വിമര്‍ശിക്കുകയും അവരെ അറസ്റ്റ് ചെയ്യെണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. അധികം വൈകാതെ കുഞ്ഞിന്റെ പിതാവ് ബിറ്റോ അറസ്റ്റിലാവുകയും ചെയ്തു.
എന്നാല്‍ ഇവിടെ ചില മാധ്യമങ്ങള്‍ ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയാണ് ചിന്തിക്കേണ്ടത്. കുഞ്ഞിനോട് മാത്രമല്ല പൊതപു സമൂഹത്തോടും മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ക്രൂരതകാട്ടിയെന്നാണ് പറയാന്‍ കഴിയുക. കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സാഹചര്യം മനസിലാക്കി അതിലൂടെ ഒന്നു കടന്നു പോകാനായി എന്തുകൊണ്ട് മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല എന്ന ചോദ്യം സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
കുഞ്ഞിന്റെ നെറുകയില്‍ ചുംബിച്ച് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളിനു സമീപം കിടത്തുമ്പോള്‍ ബിറ്റോയെ ഈ സാഹചര്യത്തിലേക്ക് നയിച്ചത് എന്താണെന്നാണ് ചിന്തിക്കേണ്ടത്. മൂന്ന് മക്കളില്‍ അധികമായാല്‍ കളിയാക്കുന്ന ഒരു സമൂഹം. വേറെ എവിടെയുണ്ട് ഇത്തരം സമൂഹവും സഹജീവികളും?. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുമ്പോള്‍ ഇത്തരത്തില്‍ സങ്കുചിത മനോഭാവം വെച്ചുപുലര്‍ത്തുന്ന ഭൂരിപക്ഷം ആളുകളും ഇവിടെ തന്നെയാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ കഴിയുന്ന ഒരു നാടിനെ ബിറ്റോ ഭയന്നതില്‍ എന്താണ് അത്ഭുതം.
ആ കുഞ്ഞ് ഇനിയും വളരും, അന്തസോടെയും അഭിമനത്തോടെയും. എന്നാല്‍ മാധ്യമങ്ങളുടെ ക്രൂരമായ റിപ്പോര്‍ട്ടിംഗിനും റേറ്റിംഗിന് വേണ്ടിയുള്ള കവറേജുകളും ഈ വിഷയത്തില്‍ അതിരു കടന്നു എന്നേ പറയാനാവൂ. ഇനിയും ഈ സാഹചര്യങ്ങളില്‍ വാര്‍ത്തകളെയും മാധ്യമങ്ങളെയും ഭയപ്പെട്ട് എത്ര പേര് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചു മൂടിയേക്കാം? ഇത് റേറ്റിംഗിന് പിന്നാലെ ഓടുന്ന മാധ്യമങ്ങള്‍ ചിന്തിക്കേണ്ടതാണ്. അപമാന ഭാരം ഭയന്ന് ആ പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കാന്‍ ബിറ്റോയും ഭാര്യയുടെ ശ്രമിച്ചില്ല, മറിച്ച് പള്ളിയില്‍ ഉപേക്ഷിച്ചു. പക്ഷേ ഇത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ രീതി ഭയപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ ഒരാളും ഇനി കുഞ്ഞുങ്ങളെ ഉപേക്ഷിക്കില്ല. മാത്രമല്ല ഈ സാഹചര്യം ഉണ്ടായാല്‍ കുഞ്ഞിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനേ ശ്രമിക്കൂ. ഇതാണ് മാധ്യമങ്ങള്‍ മനസിലാക്കേണ്ടേത്.
തുടര്‍ച്ചയായി നാല് മക്കള്‍ ഉണ്ടായതിനാല്‍ സമൂഹത്തിന്റെ പരിഹാസം ഭയന്നാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ബിറ്റോ പോലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രസവിച്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് പോലും ചെയ്യാതെയാണു മാതാപിതാക്കള്‍ ഇടപ്പള്ളിയില്‍ ഉപേക്ഷിച്ചത്. പള്ളിയിലെ രണ്ടു നിരീക്ഷണ ക്യാമറകളില്‍ മാതാപിതാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതാണു പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനു സഹായകരമായത്. പൊലീസ് പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍നിന്നു കുഞ്ഞിന്റെ പിതാവിനെ തിരിച്ചറിഞ്ഞ വ്യക്തിയാണ് വടക്കാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചത്. എളമക്കര പൊലീസ് രാവിലെ വടക്കാഞ്ചേരിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് ആണ്‍കുട്ടികളുള്ള ഇവര്‍ക്കു തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെ തുടര്‍ന്നു നാട്ടില്‍ നേരിടേണ്ടി വന്ന പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് മൊഴികള്‍. കുഞ്ഞിനെ ഇനി തിരികെ ലഭിക്കാനും നിരവധി കടമ്പകള്‍ ഇവര്‍ കടക്കണം. കുട്ടിയെ ഏറ്റെടുത്ത സാമൂഹ്യക്ഷേമവകുപ്പ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവന് സിസ്റ്റേഴ്സ് ഒഫ് നസ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുഞ്ഞിനെ തിരികെ കിട്ടാന്‍ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണോയെന്ന് നിയമപരമായി തെളിയിക്കണം. അതിന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.എന്‍.എ പരിശോധന വരെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കാം. കുഞ്ഞിനെ ലഭിക്കാന്‍ ആദ്യം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. നിയമപരമായി കുട്ടിയെ നല്‍കാനുള്ള തടസങ്ങള്‍ മാറിയാലും അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ ഉപേക്ഷിച്ച ഇവര്‍ സുരക്ഷിതത്വത്തോടെ വളര്‍ത്തുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ബോദ്ധ്യമാകണം. മാതാപിതാക്കളുമായുള്ള സിറ്റിംഗിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ടായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക.
ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതിനു പിന്നാലെ മൈക്കും ക്യാമറയുമായി ഓടുന്ന മാധ്യമങ്ങള്‍ മറ്റൊന്നും ആലോചിക്കുന്നുണ്ടാവില്ല. നടി ശ്രീദേവിയുടെ മരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി ഏവരെയും ഞെട്ടിച്ചതാണ്. ബാത്ടബ്ബിന് സമീപം നിന്നും ബാത്ടബ്ബില്‍ കിടന്നും ബത്ടബ്ബിലേക്ക് എടുത്ത് ചാടിയുമായിരുന്നു റിപ്പോര്‍ട്ടിംഗ് വൈകൃതങ്ങള്‍. ഇത്തരത്തില്‍ വിലകളയുന്ന റിപ്പോര്‍ട്ടിംഗ് രീതികളില്‍ നിന്നും മാധ്യമങ്ങള്‍ മാറേണ്ട സമയമായി എന്ന അഭിപ്രായം ഉയരുന്നുണ്ട്.
Post Your Comments