കൊല്‍ക്കത്ത: ഹോട്ടലില്‍ ബിരിയാണിയ്ക്ക് അമിത വില ഈടാക്കി. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഹോട്ടലുടമയെ ഒരു സംഘം ആളുകള്‍ വെടിവെച്ച് കൊന്നു. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെയാണ് ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച് കൊന്നത്. ഞായറാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. അക്രമി സംഘത്തിന്റെ വെടിയേറ്റ ഉടമ സഞ്ജയ് മണ്ഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹോട്ടലില്‍ ബിരിയാണി കഴിച്ച് കഴിഞ്ഞ നാല് പേരോട് ഉടമ ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബിരിയാണിക്ക് ഇത്രയും വില നല്‍കാനാവില്ലെന്ന് സംഘം വാശിപിടിച്ചതോടെ തര്‍ക്കമായി. ഇതിനിടയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന മറ്റ് ചിലരും ഉടമയ്ക്കെതിരെ തിരിഞ്ഞു. സംഘര്‍ഷം തുടരുന്നതിനിടെയാണ് സംഘത്തിലൊരാള്‍ ഉടമയെ വെടിവച്ച് വീഴ്ത്തിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തില്‍ പരാതി കിട്ടിയിട്ടുണ്ടെന്നും സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഫിറോസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബിരിയാണിയുടെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം പതിവാണെന്നും കച്ചവടക്കാര്‍ ഭീതിയിലാണെന്നും കൊല്ലപ്പെട്ട സഞ്ജയ് മണ്ഡലിന്റെ സഹോദരന്‍ പ്രതികരിച്ചു.
Post Your Comments