ന്യൂഡല്‍ഹി: ഇന്നുമുതൽ ആത്മഹത്യ ശ്രമം നടത്തുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തില്ല. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതിനെ സംബന്ധിച്ച് വിജ്ഞാപനമിറക്കി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ ‘മാനസികാരോഗ്യ നിയമം 2017’ പ്രാബല്യത്തില്‍ വരുത്തിയാണ് മെയ് 29ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. മാനസിക അസ്വസ്ഥത ഇല്ലെന്ന് തെളിയിക്കപ്പെടാതെ ആത്മഹത്യ ശ്രമം നടത്തിയ ആര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 309 പ്രകാരം കുറ്റം ചുമത്താനോ വിചാരണ നടത്താനോ ശിക്ഷ വിധിക്കാനോ പാടില്ല.
കൂടാതെ ആത്മഹത്യാ ശ്രമം നടത്തുന്ന വ്യക്തിയുടെ മാനസിക പ്രശ്നം പരിഹരിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ആവശ്യമായ ചികിത്സയും പരിചരണവും നല്‍കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്.ദാരിദ്ര്യരേഖക്ക് താഴെയുള്ള മനോദൗര്‍ബല്യമുള്ളവര്‍ക്ക് ബി.പി.എല്‍ കാര്‍ഡില്ലെങ്കിലും സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണം. ഭവനരഹിതരായവര്‍ക്കും സൗജന്യചികിത്സക്ക് അവകാശമുണ്ട്.
മാത്രമല്ല മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് ചികിത്സയുടെ ഭാഗമായി വൈദ്യുതാഘാതമേല്പ്പിക്കുന്നതും ഇനിമുതൽ കുറ്റകരമാണ്. അനസ്തേഷ്യയും പേശികള്‍ക്ക് അയവുലഭിക്കാനുള്ള മരുന്നും ഉപയോഗിക്കാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് വൈദ്യുതി ഷോക്ക് നല്കാന് പാടില്ല. മനോവൈകല്യ ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വന്ധ്യംകരണം നടത്തുന്നതും നിരോധിക്കുന്ന നിയമം അവരെ ചങ്ങലക്കിടുന്നതും വിലക്കി.
Post Your Comments