KeralaLatest News

വിലക്കുറവില്‍ പച്ചക്കറി വിറ്റയാളുടെ കട പോലീസിന്റെ ഒത്താശയോടെ പൂട്ടിച്ചു

അഞ്ചല്‍•വിലക്കുറവില്‍ പച്ചക്കറി വില്പന നടത്തിയ തമിഴ്നാട് സ്വദേശിയുടെ കട മറ്റു കച്ചവടക്കാര്‍ പോലീസിന്റെ ഒത്താശയോടെ പൂട്ടിച്ചു. കൊല്ലം ജില്ലയിലെ അഞ്ചല്‍ ചന്തമുക്കിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ മന്മഥന്റെ കടയാണ് അഞ്ചലിലെ പച്ചക്കറി വ്യാപാരികളും അവരുടെ ശിങ്കിടികളും കോൺഗ്രസ്സ് നേതാക്കളും ചേര്‍ന്ന് അടപ്പിച്ചത്. മന്മഥനെ ഇവര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

നേരത്തെയും ഇയാളുടെ കട പട്ടണത്തിലെ മറ്റു വ്യാപാരികളും കൂട്ടാളികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി കട അടപ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീണ്ടും കട തുറന്ന് പ്രവര്‍ത്തിപ്പിച്ചു വരവേയാണ് കഴിഞ്ഞ ദിവസം വീണ്ടും ആക്രമണമുണ്ടായത്.

ഗുണനിലവാരമുള്ള പച്ചക്കറികള്‍ വിലക്കുറവില്‍ വില്പന നടത്തിയതോടെ തങ്ങളുടെ വില്പന കുറഞ്ഞതാണ് മറ്റു വ്യാപാരികളെ ചൊടിപ്പിച്ചത്. കടയില്‍ നിന്നും 24 കവര്‍ നിരോധിത പാന്‍മസാല കണ്ടെടുത്തു എന്നാരോപിച്ച് പോലീസ് മന്മഥന്റെ കട അടപ്പിക്കുകയും ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. എന്നാല്‍ പാന്‍മസാല മറ്റു വ്യാപാരികള്‍ ഇവിടെ ഒളിപ്പിച്ചുവയ്ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മന്മഥനെ അനുകൂലിച്ച് നാട്ടുകാരും പ്രദേശത്തെ ഡ്രൈവർമാരും എത്തിയത് സംഘർഷത്തിന് ഇടയാക്കി. വിലകുറച്ച് പച്ചക്കറി വിറ്റതിന്‍റെ പേരിൽ തമിഴ്‌നാട് സ്വദേശിയെ മർദ്ദിച്ചതും കടയടപ്പിച്ചതും പോലീസിന്റെ ഒത്താശയോടെയാണെന്നും ഇതിനെതിരെ ശക്‌തമായി പ്രതിഷേധിക്കുന്നുവെന്നും പ്രാദേശിക ബി.ജെ. പി നേതൃത്വം അറിയിച്ചു.

അതേസമയം, തമിഴ്നാട് സ്വദേശിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി കടയടപ്പിക്കുകയും ചെയ്തവർക്കെതിരെ പോലീസ് കേസെടുക്കുമെന്ന് അഞ്ചൽ സി.ഐ മോഹൻദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button