ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പേരാണ് ജഡ്ജിയമ്മാവൻ. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് പുറത്തിറങ്ങിയ ശേഷം ദര്‍ശനത്തിനെത്തിയ ജഡ്ജിയമ്മാവൻ ക്ഷേത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളിൽ നിന്ന് ഭക്തരെ രക്ഷിക്കുന്ന സത്യസാക്ഷിയായി ജഡ്ജിയമ്മാവൻ പ്രതിഷ്ഠയെക്കുറിച്ച് അറിയാം. കോട്ടയം പൊൻകുന്നത്തു നിന്ന് ഏഴു കിലോമീറ്റര്‍ അകലെ ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം –മണിമല റൂട്ടിലാണ് ചെറുവളളി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ആയിരത്തിലേറെ വർഷത്തിന്റെ പഴക്കമുള്ളതാണ് ചെറുവളളി ദേവി ക്ഷേത്രം. ശ്രീശങ്കരാചാര്യരുടെ സിദ്ധി വൈഭവത്താൽ ദേവി ഗ്രാമത്തിൽ ഉദ്ഭവിച്ചതായതാണ് വിശ്വാസം. 1960 മുതല്‍ സർക്കാര്‍ ഏറ്റെടുത്ത ഈ ക്ഷേത്രം ചെറുവളളിയമ്മയെ കൂടാതെ ദുർഗ, മഹാദേവൻ കുടുംബസമേതമുളള അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീ മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ശാസ്താവ്, ഗണപതി, വീരഭദ്രൻ, കൊടുകാളി, യക്ഷി, രക്ഷസ്സ്, സർപ്പങ്ങൾ എന്നീ ഉപദേവന്മാരുമുണ്ട്. കൂടാതെ ജഡ്ജിയമ്മാവന്‍ എന്ന ഉപദേവപ്രതിഷ്ഠയുമുണ്ട്. ദേവി ചെറിയ വളളിയിലിരുന്ന് ഊഞ്ഞാലാടുന്നതായി ദർശനം നൽകിയതിനാലാണു ചെറുവള്ളി ദേവി എന്ന പേരു വന്നതെന്നു പറയുന്നു.
മറ്റൊരിടത്തും ദർശിക്കാനാവാത്ത പ്രതിഷ്ഠയാണു ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ. നിരപരാധികളായ ഭക്തരുടെ മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ അദ്ഭുത വരദാനമേകുന്നതാണു ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. ഏതു സങ്കീർണമായ പ്രശ്നങ്ങളിലും ഒത്തുതീർപ്പുണ്ടക്കുന്ന ജഡ്ജിയമ്മാവനെ കാണാന്‍ ജാതിമതഭേദമെന്യേ നാനാതുറയിലുള്ള ഭക്തര്‍ ഇവിടെ ദർശനത്തിനെത്തുന്നു. ജഡ്ജിയമ്മാവനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് കേസുകളിൽ അനുകൂല വിധിയുമുണ്ടാകുമെന്നാണ് അനുഭവം. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എല്ലാ നടകളും അത്താഴപൂജ കഴിഞ്ഞ് അടച്ച ശേഷമേ ജഡ്ജിയമ്മാവന്റെ നട തുറക്കൂവെന്നതാണ്. രാത്രി എട്ടുമണിയോടെ നടതുറക്കും. 8.45 വരെ മാത്രം നടതുറന്നിരിക്കുകയും ചെയ്യും. അപ്പോള്‍ മാത്രമാണ് ഭക്തര്‍ക്ക് ജഡ്ജിയമ്മാവനെ തൊഴുത് അനുഗ്രഹം വാങ്ങാന്‍ കഴിയുന്നത്.
ക്ഷേത്രത്തിലെത്തി തന്നോടു സത്യം പറയുന്ന വാദിയോ പ്രതിയോ ആരുമായിക്കൊളളട്ടെ സത്യം ആരുടെ വശത്താണെന്നു മനസ്സിലായാൽ ജഡ്‍ജിയമ്മാവൻ സഹായിക്കും എന്നാണു വിശ്വാസം. ആദ്യം കരിക്കഭിഷേകവും പിന്നെ അട നിവേദ്യവും അതാണു ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഈ അട ഭക്തർക്കു തന്നെ പ്രസാദമായി തിരികെ നൽകും.
Post Your Comments