Gulf

ഖത്തര്‍ ഉപരോധം : ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോഴും ഗള്‍ഫ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഖത്തറിന്റെ പോരാട്ടം

ദോഹ : സൗദിയുടെ നേതൃത്വത്തിലുള്ള സൗദി സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ജൂണ്‍ 5 ന് ഒരു വര്‍ഷം ആകുന്നു.

ലോകം മുഴുവന്‍ ഉറ്റു നോക്കിയ ഒരു വാര്‍ത്തയായിരുന്നു സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദ് അറേബ്യ, ബഹറിന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2017 ജൂണ്‍ അഞ്ചിനാണ് ലോകത്തെ ഞെട്ടിച്ച് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനുമായി ചേര്‍ന്ന് ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് സൗദി സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് പ്രധാന കാരണമായി പറയുന്നത്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഖത്തറിലേയ്ക്കുള്ള വ്യോമ-നാവിക ഗതാഗത മേഖലകള്‍ ഇവര്‍ കൊട്ടിയടച്ചു. ഇതോടെ ഖത്തറിലേയ്ക്കുള്ള ഭക്ഷ്യധാന്യ വിതരണശൃംഖലകള്‍ക്ക് തടസം നേരിട്ടു. എന്നാല്‍ ഖത്തര്‍ അതിനെയെല്ലാം അതിജീവിച്ചു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഉറപ്പുതന്നാല്‍ ഉപരോധം പിന്‍വലിയ്ക്കാമെന്ന് സൗദി ആവശ്യപ്പെട്ടെങ്കിലും ഖത്തര്‍ സൗദിയുടെ ഈ ആവശ്യം തള്ളി. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തറില്‍ ഭക്ഷ്യക്ഷാമം ചെറിയതോതില്‍ അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ ഇതിനെതിരെ പോരാടാന്‍ തന്നെ ഖത്തര്‍ തീരുമാനിച്ചു. ഇതിനിടെ ഖത്തറിന് പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്ത് വന്നു.

ഇതിനിടെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപണത്തെ തുടര്‍ന്ന് അല്‍-ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് തുടങ്ങി 13 ആവശ്യങ്ങള്‍ സൗദി മുന്നോട്ട് വെച്ചു. 13 ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ ഉപരോധം പിന്‍വലിയ്ക്കാമെന്ന് സൗദിയും സഖ്യരാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഖത്തര്‍ ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ചു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചതോടെ ഭക്ഷ്യവസ്തുക്കളുമായി നിരവധി ട്രക്കുകള്‍ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്‍ സഹായ ഹസ്തവുമായെത്തിയത്.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇറാനിലെ യൂനിയന്‍ ചെയര്‍മാന്‍ റസാ നൂറാനിയാണ് ഇറാന്‍ ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്ന് അറിയിച്ചത്. കപ്പല്‍ മാര്‍ഗം ഇറാനില്‍ നിന്നു ഭക്ഷ്യ വസ്തുക്കള്‍ ഖത്തറിലെത്താന്‍ വെറും 12 മണിക്കൂര്‍ മതി.

ഉപരോധം എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചതോടെ അമേരിക്കയും കുവൈറ്റും പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഭീകരവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടത്തെ പ്രശംസിച്ച ട്രംപ് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) പിന്തുണ വേണമെന്നും പറഞ്ഞു.

ഇതിനിടെ പ്രശ്‌നം യു.എന്നിലുമെത്തി. അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഏകപക്ഷീയവും മേഖലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ ഈ ഒരു വര്‍ഷം ഉപരോധം ഖത്തറിലെ ജനങ്ങളെ കാര്യമായ തോതില്‍ ബാധിയ്ക്കാതെ കൊണ്ടുപോകുന്നതിന് ഖത്തര്‍ അമീറിന് കഴിഞ്ഞിട്ടുണ്ട്.

2017 ജൂണ്‍ അഞ്ചിനായിരുന്നു നാല് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്. എന്നാല്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയും ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയാവാമെന്ന ഖത്തറിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button