മംഗളൂരു: കേടായ കാര്‍ നന്നാക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ കാസര്കോടുകാരായ ഒരു സംഘം യുവാക്കള്‍ കണ്ടെത്തിയ പോംവഴി കേട്ടാല്‍ ആരും ഒന്ന് അതിശയിക്കും. യു ട്യൂബ് നോക്കി മോഷണത്തില്‍ പരിശീലനം നേടി മംഗളൂരുവില്‍ നിന്ന് അവര്‍ അടിച്ചു മാറ്റിയത് 24 ലേറെ ബൈക്കുകളാണ്. ബാല്യകാല സുഹൃത്തുക്കളായ എട്ടുപേരാണ് സംഘത്തിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. എട്ടുപേരെയും പോലീസ് പിടിയിലായിട്ടുണ്ട്. എഞ്ചിനീയറിംഗ്, ഡിഗ്രി വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. അതില്‍ അഞ്ചുപേര്‍ മലയാളികള്‍.
റോബിന്, അര്ജുന്, ബിജോയ് അഗസ്റ്റിന് തുടങ്ങിയവരാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കാര്‍ വാടകയ്ക്കെടുത്ത് മൈസൂരിലേക്ക് സംഘം ഒരിക്കല്‍ വിനോദയാത്രയ്ക്ക് പോയിരുന്നു. വഴിയില്‍ വെച്ച് കാര്‍ അപകടത്തില്‍പെട്ടു. പ്രായപൂര്ത്തിയെത്തിയിട്ടില്ലാത്തതുകൊണ്ട് കൂട്ടത്തിലാര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കാറുടമ പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്നെങ്കിലും ഇന്‍ഷുറന്‍സ് പോലും ലഭിക്കാത്തതിനാല്‍ ആവശ്യപ്പെട്ട പണം കണ്ടെത്താനായില്ല.
എല്ലാവരും മധ്യവര്‍ഗ കുടുംബത്തിലെ അംഗങ്ങളാണ്. തുടര്‍ന്ന് പണം കണ്ടെത്താന്‍ മറ്റൊരാളുടെ ഉപദേശ പ്രകാരം ബൈക്കുകള്‍ മോഷ്ടിക്കാനിറങ്ങുകയായിരുന്നു. കോള്‍ സെന്ററുകളെ കേന്ദ്രീകരിച്ചായിരുന്നു മോഷണങ്ങളേറെയും. കാസര്‍കോട്ടു നിന്നാണ് ആദ്യത്തെ ബൈക്ക് മോഷ്ടിച്ചത്. അത് വിറ്റത് 45,000 രൂപയ്ക്ക്. മോഷണത്തില്‍ അഗ്രഗണ്യരായതോടെ അ തൊഴില്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. മംഗളൂര് നഗരമായിരുന്നു അടുത്ത ലക്ഷ്യമെന്നും പോലീസ് പറയുന്നു. ട്രെയിനില്‍ മംഗളൂരിലെത്തി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തിലേക്ക് കടന്ന് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ സ്വന്തം സ്ഥലമായ കാഞ്ഞങ്ങാടു നിന്ന് കാര്‍ വാടകയ്ക്കെടുത്തായിരുന്നു മോഷണത്തിനുള്ള യാത്രകള്‍.
Post Your Comments