തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. ഇപ്പോഴത്തെ നേതൃത്വം കാര്യക്ഷമമല്ലെന്നും നേതൃമാറ്റം അനിവാര്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.രാമേശ്വരത്തെ ക്ഷൗരം പോലെയായി പാര്‍ട്ടിയിലെ പുനഃസംഘടന എന്നും പൊതുവിഷയങ്ങളിലെ സാക്ഷരതയുള്ള പുതുതലമുറയിലേക്ക് നേതൃത്വം മാറണമെന്നും വീക്ഷണം അഭിപ്രായപ്പെടുന്നു
കോണ്‍ഗ്രസിന് രണോന്മുഖ നേതൃത്വം എന്ന തലക്കെട്ടിലാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ചെങ്ങന്നൂര്‍ തോല്‍വിയില്‍ പാര്‍ട്ടിയെയും മുന്നണിയും വിമര്‍ശിക്കുന്ന വീക്ഷണം, പാര്‍ട്ടി സംവിധാനത്തിന്റെ ദൗര്‍ബല്യത്തെയാണ് വിമര്‍ശിക്കുന്നത്. കെപിസിസിയും ഡിസിസിയും സംഘടിപ്പിക്കാനാണ് നേതാക്കളുടെ താല്പര്യം. പാര്‍ട്ടിയുടെ നട്ടെല്ലും നാഡീവ്യൂഹങ്ങളും ആയ മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയില്‍ ആണെന്നും വിമര്‍ശനമുണ്ട്.
പെട്ടി പിടുത്തക്കാരെ മാറ്റി കര്‍മ്മശേഷിയുള്ള യുവാക്കളെ ബൂത്ത് തലം മുതല്‍ കണ്ടെത്തണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു . ജൂബിലി പലകുറി ആഘോഷിച്ച നേതാക്കള്‍ പുതുതലമുറയുടെ ഉപദേശികളും മാര്‍ഗ്ഗ നിര്‍ദ്ദേശകരുമായി മാറണം. അല്ലാതെ ഇനിയും സ്ഥാനമാനങ്ങള്‍ മോഹിച്ച് കടിച്ച് തൂങ്ങുന്നത് ശരിയല്ലെന്നും വീക്ഷണം ചീണ്ടിക്കാണിക്കുന്നു.
മത-സാമുദായിക നേതാക്കളുടെ പിറകെ പോകാതെ ദളിത് ആദിവാസി ഊരുകളിലേക്കും കടലോരങ്ങളിലെ കൂരകളിലേക്കും നേതാക്കള്‍ പോകണം. പാര്‍ട്ടിക്കും മുന്നണിക്കും അടിയന്തരചികിത്സ നടത്താന്‍ എഐസിസി നേരിട്ട് ഇടപെടണമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
കുത്തക മണ്ഡലമായ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരോക്ഷമായി നേതൃത്വത്തെ വിമര്‍ശിച്ച് നിരവധി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു
Post Your Comments