തിരുവനന്തപുരം: അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ലൈഫ് പദ്ധതിവഴി വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കരിമഠം ലൈഫ് പദ്ധതിയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ ദാനവുംനിര്വഹിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ലൈഫ് പദ്ധതി വഴി വീടില്ലാത്തവര്‍ക്ക് വീട് മാത്രമല്ല, ജീവിതമാര്‍ഗം കണ്ടെത്താനുള്ള സഹായവും നല്‍കാനാണ് ശ്രമിക്കുന്നത്. ഭവനസമുച്ചയങ്ങള്ക്കൊപ്പം കുട്ടികളുടെ പഠനത്തിനാവശ്യമായ പിന്തുണാ സൗകര്യം ഒരുക്കും. പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ സംവിധാനമുണ്ടാകും.
ലൈഫ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കാര്യം മാത്രമായി കാണാതെ നാടിന്റെ കൂടി പങ്കാളിത്തത്തോടെ വീടുകള്‍ പൂര്‍ത്തീകരിക്കുന്ന നിലവരണം. അതിനുള്ള ഇടപെടല്‍ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ വേണം. വീടുനിര്‍മിക്കുമ്പോള്‍ അതിനെ സഹായിക്കാനുള്ള കൂട്ടായ്മയും അതിനൊപ്പം രൂപം കൊള്ളണം. വീട് പൂര്‍ണതയിലെത്തിയാല്‍ അതിന്റെ ഭാഗമായ കൂട്ടായ്മ ആ ഭവനസമുച്ചയത്തില്‍ ഉറപ്പാക്കുകയും ചെയ്യാം. അങ്ങനെയുണ്ടാല്‍ അവിടെ പരിഹരിക്കപ്പെടേണ്ട പ്രശ്നമുണ്ടെങ്കില്‍ ഈ കൂട്ടായ്മയ്ക്ക് അധികൃതശ്രദ്ധയില്പ്പെടുത്താനാകും. ഇപ്പോള്‍ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത് പുതുതായുള്ള കേരളത്തിലെ ആദ്യ ലൈഫ് ഭവനസമുച്ചയമാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഒരുവര്‍ഷത്തിനുള്ളില്‍ ലൈഫ് വഴി വീടുനിര്‍മിച്ചുനല്‍കാന്‍ നടപടിയെടുക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കായി ഒരു ജില്ലയില്‍ ഒരു ഭവനസമുച്ചയമെങ്കിലും ഈ വര്‍ഷം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കോര്പറേഷന് മേയര്‍ വി.കെ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സിമി ജ്യോതിഷ്, ആര്. ഗീതാഗോപാല്‍, െക. ശ്രീകുമാര്‍, സഫീറാ ബീഗം, ആര്. സതീഷ്കുമാര്‍,എസ്. ഉണ്ണികൃഷ്ണന്, കോര്പറേഷന് ബി.ജെ.പി ലീഡര്‍ വി.ജി. ഗിരികുമാര്‍, യു.ഡി.എഫ് ലീഡര്‍ ഡി. അനില്‍കുമാര്‍, മുന്മേയര് കെ. ചന്ദ്രിക, യു.ആര്.സി ബി.പി.ഒ എ. നജീബ്, നഗരസഭാ സെക്രട്ടറി എല്‍.എസ്.ദീപ തുടങ്ങിയവര്‍ സംബന്ധിച്ചു.
കരിമഠത്തില്‍ ബി.എസ്.യു.പി പദ്ധതി വഴി നിര്‍മാണം തുടങ്ങിയ 180 ഭവനങ്ങളാണ് ഇപ്പോള്‍ ഒന്‍പതു ബ്ളോക്കുകളിലായി പൂര്‍ത്തിയാക്കി കൈമാറിയത്. നേരത്തെ 140 ഭവനങ്ങള്‍ കൈമാറിയിരുന്നു. ലൈഫ് പദ്ധതി വഴി 87 ഭവനങ്ങളുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
Post Your Comments