കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി ഷാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗാന്ധിനഗർ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്.
കെവിനെ തട്ടിക്കൊണ്ടിട്ടുപോകാൻ പ്രതികളെ സഹായിച്ചതിന്റെ പേരിലായിരുന്നു എഎസ്ഐ ബിജുവിനെയും ഡ്രൈവർ അജയകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരിട്ട് ബന്ധമുള്ള പോലീസിലെ ഉന്നതരെ സ്ഥലം മാറ്റുകയും ബിജുവിനെ കേസിൽ കുടിക്കുകയും ചെയ്‌തെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
കൊല്ലപ്പെട്ട കെവിന്റെ ഭാര്യാ മാതാവിന്റെ ബന്ധുവാണ് കെവിൻ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ്. അതുകൊണ്ടുതന്നെ എസ്പിക്കു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാം എന്നാണ് അഭിഭാഷകൻ കോടതിയിൽ ആരോപിച്ചത്. കേസന്വേഷണത്തിൽ നേരിട്ടു നിർദേശം നൽകിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുൻ എസ്പിക്കെതിരെ ഉയർന്നിരുന്നു. തുടർന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ എസ്പിയെ സ്ഥലം മാറ്റിയിരുന്നു.
അതിനിടെ, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ച് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷൻ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.
Post Your Comments