തിരുവനന്തപുരം•നിപാ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ്പ വൈറസ് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ നേരത്തെ നിപ്പ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആള്‍ക്കാര്‍ക്ക് നിപ്പ പകരാന്‍ സാധ്യതയുണ്ടെന്ന് ആ സമയത്ത് തന്നെ പറഞ്ഞിരുന്നു. അത്തരത്തില്‍ രണ്ടാമതും നിപ്പ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള ഇങ്കുബേഷന്‍ പീരീഡ് കഴിയുന്നതുവരെ ശ്രദ്ധിക്കേണ്ടതുണ്ട്.
അതായത് നേരത്തെ നിപ്പ വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കേണ്ടതുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് പരിശോധിക്കുമ്പോള്‍ മാത്രമേ ഇത് പോസിറ്റീവാണോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പറയുന്നത്.
വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നിപ്പയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ഇത്തരത്തില്‍ നിപ്പ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്‍ ഒഴിവാക്കണം. ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിപ്പ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണം. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണം.
ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അത്‌കൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണം. കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെത്തന്നെയുണ്ട്. അത് പിന്‍വലിച്ചിട്ടില്ല. പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘത്തെ നിലനിര്‍ത്തും. രണ്ടാം ഘട്ടത്തില്‍ നിപ്പ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.
18 പേരിലാണ് നിപ്പ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതില്‍ നിന്നും 16 പേരാണ് മരണമടഞ്ഞത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടു വരുന്നു എന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരിശോധനയില്‍ ഇവരില്‍ മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments