വിശുദ്ധ റമദാൻ നോമ്പുനാളുകൾ അവസാനിക്കാറാകുകയാണ്. നന്മയുടെ നക്ഷത്രങ്ങൾ വിളക്കു തെളിച്ച റമദാനിൽ ദില്ലിയിലെ ‘ജമാ മസ്ജിദ്’ അങ്കണത്തിലെത്തുന്നവരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ് ജമാമസ്ജിദ്. 25000 പേർക്ക് ഒരേ സമയം നോമ്പു തുറക്കാൻ കഴിയുന്ന ജമാമസ്ജിദ് അങ്കണം സൂര്യാസ്തമനമായാൽ ജനക്കൂട്ടം കൊണ്ട് നിബിഢമായിരിക്കും. കുടുംബസമേതം നിരവധിയാളുകൾ എത്തുന്ന പള്ളിമുറ്റത്ത് , ഇത്രയധികം ആളുകളുണ്ടെങ്കിലും തികച്ചും ശാന്തമായ അന്തരീക്ഷമാണെന്നത് കണ്ടു നില്ക്കുന്നവരിൽ കൗതുകം ജനിപ്പിക്കും. പരമ്പരാഗതശൈലിയിൽ ഇഫ്താർ വിരുന്നൊരുക്കി നോമ്പു തുറക്കെത്തിയവരെ മാത്രമല്ല, പരിസരവവാസികൾക്കെല്ലാം വിതരണം ചെയ്യുകയും ചെയ്യുന്നു. തെരുവിൽ അലഞ്ഞു നടക്കുന്നവർക്കും, റിക്ഷാവാലകൾക്കുമെല്ലാം കൊടുത്ത് സക്കാതിന്റെ പുണ്യമനുഭവിച്ച് പരമകാരുണികനായ അള്ളാഹുവിനോട് വിശ്വാസികൾ കൂടുതലടുക്കുന്നു.
ജമാ മസ്ജിദ്
ദില്ലിയിലെ പുരാതനവും അതിപ്രശസ്തവുമായ വ്യാപാരകേന്ദ്രം “ചാന്ദ്നീ ചൗക്ക്”ലാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലിപ്പമേറിയതുമായ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ‘ലോകം പ്രതിഫലിക്കുന്ന ദേവാലയം’ എന്നർത്ഥം വരുന്ന മസ്ജിദ്-ഇ-ജഹാൻ-നുമാ (Masjid-i-Jahan numa) എന്ന പേരിലാണ് ആദ്യകാലങ്ങളിൽ പള്ളി അറിയപ്പെട്ടിരുന്നത്. പിന്നിടാണ് ‘വെള്ളിയാഴ്ച’ എന്നർത്ഥം വരുന്ന ‘ജമാ’ എന്നപേരിൽ മസ്ജിദ് അറിയപ്പെഠാൻ തുടങ്ങിയത്. 40 മീറ്റർ ഉയരമുള്ള രണ്ടു മിനാരങ്ങൾ 5 നിലകളിലായി പണിതിരിക്കുന്നു. ഭീമാകാരമായ ഗേറ്റുകൾ സ്ഥാപിച്ച മൂന്നു പ്രവേശന കവാടങ്ങളാണുള്ളത്. കിഴക്ക്, വടക്ക്, പടിഞ്ഞാറു ഭാഗങ്ങളിലായിട്ടാണ് പ്രവേശന കവാടങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ കിഴക്ക് ഭാഗത്തുള്ള കവാടം മുഗൾ ഭരണകാലത്ത് ചക്രവർത്തികൾക്ക് മാത്രമായി തുറന്നു കൊടുത്തിരുന്നു. ഇപ്പോഴും ആഴ്ചയുടെ അവസാനം മാത്രമേ ഈ കവാടം തുറക്കുകയുള്ളൂ.
ചരിത്രം
താജ്മഹലിന്റെ വശ്യസൗന്ദര്യം ലോകത്തിന് സമ്മാനിച്ച മുഗൾ ചക്രവർത്തി ഷാജഹാൻ തന്നെയാണ് ഈ പുരാതന ദേവലയത്തിന്റെ സൂത്രധാരൻ. 361 വർഷത്തെ പഴക്കമുള്ള പള്ളിയുടെ നിർമ്മാണത്തിന് ഒരു ദശലക്ഷം രൂപയാണ് അന്നത്തെക്കാലത്ത് ചിലവായത്. ഭാരതീയ വാസ്തുവിദ്യയും, മുഗൾ-ഇസ്ലാമിക് വാസ്തുവിദ്യയുടെയും സങ്കലനമാണ് നിർമ്മാണത്തിലുട നീളം അവലംബിച്ചിരിക്കുന്നത്. ഷാജഹാന്റെ പ്രത്യേക ക്ഷണപ്രകാരം ഉസ്ബക്കിസ്ഥാനിലെ ‘ബുഖാറ’യിൽ നിന്നും വന്ന ഇമാം ആണ് ഉദ്ഘാടനം നിർവഹിച്ചത്. പൂർണ്ണമായും ചെങ്കല്ലും മാർബിളുമുപയോഗിച്ചാണ് മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത്.
നിരവധി ഭീകരാക്രമണങ്ങൾ നേരിട്ട പള്ളിയുടെ പല ഭാഗങ്ങളിലും വിള്ളലുണ്ടായതിനെ തുടർന്ന് കേന്ദ്രനിർദ്ദേശപ്രകാരം നവീകരണ പ്രവർത്തനങ്ങൾക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഷാജഹാന്റെ മറ്റൊരു സൃഷ്ടിയായ “റെഡ്ഫോർട്ട്” ജമാ മസ്ജിദിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ശിവാനി ശേഖര്
Post Your Comments