കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ പോലീസിന്റെ വീഴ്ചയാണ് ഏവരെയും ഞെട്ടിച്ചത്. കെവിനും ഭാര്യയ്ക്കും സംരക്ഷണം ഒരുക്കിയില്ലെന്ന് മാത്രമല്ല കെവിനെ തട്ടിക്കൊണ്ട് പോകാന്‍ പോലീസ് സഹായം നല്‍കിയെന്നും വിവരമുണ്ട്. സുഹൃത്തുക്കള്‍ കെവിനൊപ്പം രാത്രി ഒരു മണി വരെ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ പോയ വിവരം അക്രമിസംഘത്തെ അറിയിച്ചത് പോലീസ് പെട്രോളിംഗ് സംഘമെന്നാണ് വിവരം.
മാത്രമല്ല സംഘം അക്രമം കഴിഞ്ഞ് മടങ്ങുന്ന സമയം വരെ പെട്രോളിംഗ് സംഘം കാവല്‍ നിന്നു. കെവിനെ തട്ടിക്കൊണ്ട് പോകാനായി അക്രമി സംഘത്തിന് പിന്തുണ നല്‍കിയെന്ന് ഉറപ്പായതോടെ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ നേതൃത്വത്തിലെ പട്രോളിങ് സംഘം കൈക്കൂലി വാങ്ങിയതിലും അന്വേഷണം തുടങ്ങി. കുറ്റകൃത്യം അറിഞ്ഞിട്ടും എസ്.ഐ എം.എസ്. ഷിബു മറച്ചുവച്ചതായും വിവരമുണ്ട്.
നടപടികളിലെ വീഴ്ച എന്നതിനപ്പുറം കെവിനെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദിക്കല്‍, കെവിനെ കാണാതാകല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്ത് പൊലീസ് പ്രതികളെ സഹായിച്ചെന്നാണ് ഐ.ജി വിജയ് സാഖറയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. അതേസമയം കെവിന് കൊലക്കേസില്‍ പിടിയിലായ നീനുവിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ സാനു ചാക്കോ, പിതാവ് ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
Post Your Comments