അധികാരത്തിലേറും മുന്‍പ് എസ്‌കോര്‍ട്ട് വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പൊലീസ് സേന ഒരുക്കുന്നത് മുന്‍പ് ഒരു മുഖ്യമന്ത്രിയ്ക്കും ലഭിക്കാത്ത വിധമുള്ള സുരക്ഷ. കുറഞ്ഞത് 350 പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്ഥിരമായി അകമ്പടിയ്ക്ക് പൊലീസുകാര്‍ ഒപ്പമുള്ളതിന് പുറമേ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്ന ജില്ലകകളിലെ നല്ലൊരു ഭാഗം പൊലീസുകാരും സുരക്ഷാ ഡ്യൂട്ടിയിലായിരിക്കും. ഈ സമയം പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഉണ്ടാറാകാറില്ല. പൊലീസ് വകുപ്പ് കൂടി കൈകാര്യ ചെയ്യുന്നത് കൊണ്ടാണോ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇത്ര ആത്മാര്‍ത്ഥത എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച കോട്ടയത്ത് മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ 350 പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. ഡിവൈഎസ്പി റാങ്ക് മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരായിരുന്നു ഭൂരിഭാഗവും. മുഖ്യമന്ത്രി എവിടെ പോയാലും സ്ഥിരമായി സുരക്ഷാ സംഘം ഒപ്പമുണ്ട്. കമാന്‍ഡോകള്‍, ഗണ്‍മാന്‍, പൈലറ്റ് എന്നിവരടക്കം 17 അംഗ സംഘമാണ് മുഖ്യമന്ത്രിയോടൊപ്പം സദാ സഞ്ചരിക്കുന്നത്.
കേരളത്തെ ഞെട്ടിച്ച കെവിന്‍ വധവുമായി ബന്ധപ്പെട്ട് ഭാര്യ നീനു പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്നതിനാല്‍ പിന്നെ വരൂ എന്ന് മറുപടി വരികയും ഇത് പിന്നീട് വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്തെന്ന് തെളിയിക്കുന്നത് തന്നെയാണ് സുരക്ഷാ ഡ്യുട്ടിയ്ക്ക് വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം. സ്‌റ്റേഷന്‍ നടത്തിപ്പിന് തന്നെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന പരാതി പതിവാണ്. അതിനിടയില്‍ ഒരാളുടെ സുരക്ഷയെ കരുതി മാത്രം ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് പിന്നലെ യുക്തി എന്തെന്ന് മനസിലാകുന്നില്ലെന്ന് പൊതു ജനങ്ങളില്‍ നിന്നും സംശയമുയരുന്നുണ്ട്. ട്രാഫിക്ക് ഡ്യൂട്ടിയ്ക്കുള്‍പ്പടെ പൊലീസുകാരെ ലഭിക്കുന്നില്ലെന്നും ഇതു മൂലം തന്നെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പാടു പെടുന്നതുമായ സ്ഥലമാണ് കോട്ടയം. ട്രാഫിക്ക് ഡ്യൂട്ടി മാത്രമല്ല സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ വരുന്നവര്‍ക്ക് വരെ സേവനം നല്‍കാന്‍ പ്രാപ്തമായ അംഗ സംഖ്യ മിക്ക സ്റ്റേഷനുകളിലുമില്ല. അതിനിടയിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം സംബന്ധിച്ച് മണിക്കൂറുകളോളം ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. എന്നാല്‍ ആവശ്യത്തിന് സുരക്ഷാ സന്നാഹമുള്ള മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് ഇത്തരത്തില്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സേന വ്യഗ്രതപ്പെടുന്നത്. ഇത്രയും ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇതിനിടയില്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക സംഘമുണ്ടെന്നും കെവിന്‍ വിഷയം ഇതുമായി ബന്ധപ്പെടുത്തണ്ടന്നുമായിരുന്നു അദ്ദേഹത്തിന്‌റെ പ്രതികരണം. കോട്ടയത്ത് അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷയില്‍ ഉണ്ടായിരുന്ന ഉദ്യാഗസ്ഥരുടെ എണ്ണം തന്നെ ഞെട്ടിക്കുന്നതാണ്. നാട്ടകം ഗസ്റ്റ് ഹൗസില്‍ 11, മൂലേടത്തെ സ്വകാര്യ റിസോര്‍ട്ടില്‍ 65, തിരുനക്കരയില്‍ 58, ഗാന്ധിനഗറില്‍ 70 എന്നിങ്ങനെയും ഇതിനു പുറമേ മുഖ്യമന്ത്രി വരുന്ന റോഡില്‍ 82 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരുന്നത്. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന സന്ദര്‍ശനത്തിന് എന്തിനായിരുന്നു ഇത്ര വലിയ സുരക്ഷ. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ പൊതു ജനങ്ങള്‍ക്ക് പൊലീസ് സേവനം എത്രത്തോളം ലഭ്യമാകും തുടങ്ങിയ ചോദ്യങ്ങള്‍ നാലു പാടു നിന്നും ഉയരുകയാണ്. ജനസേവനം ലക്ഷ്യമാണെന്ന് പറഞ്ഞ് മുന്നിട്ടിറങ്ങിയ ഭരണകൂടം അതിനെതിരെ പ്രവൃത്തിക്കുന്നത് അവര്‍ക്ക് തന്നെ നാണക്കേടാകുന്ന ഒന്നല്ലേ. ഇനിയെങ്കിലും സുരക്ഷയുടെ പേരിലുള്ള ഇത്തരം കാട്ടിക്കൂട്ടലുകളില്‍ നിന്നും മാറി നില്‍ക്കുവാനും പൊലീസ് സേനയ്ക്ക് കഴിയട്ടെ. പൊതു ജനങ്ങളുടെ സുരക്ഷയെന്ന മുദ്രാവാക്യത്തിലൂന്നി അധികാരത്തിനല്ല ജനാധപത്യത്തിനെയാണ്
സംരക്ഷിക്കേണ്ടതെന്ന ചിന്തയില്‍ മുന്നോട്ട് നീങ്ങാന്‍ സംസ്ഥാന പൊലീസിനും കഴിയട്ടെ.
Post Your Comments