കണ്ണൂർ : കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കുനേരെ യൂണിയൻ നേതാവിന്റെ വെല്ലുവിളി. കണ്ണൂരിലെ കെഎസ്ആർടിസി ഡിപ്പോയിൽ പൊതുയോഗം നടത്തിയശേഷം, നിയമവിരുദ്ധമായി യോഗം നടത്തിയതിന് ശിക്ഷാ നടപടിയെടുക്കാൻ കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ തച്ചങ്കരിയെ വെല്ലുവിളിച്ചു.
കെഎസ്ആർടിസി സ്ഥാപനങ്ങളിൽ സംഘടനകളുടെ പരിപാടികൾ നടത്തുന്നതിൽ തച്ചങ്കരി ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച സിഐടിയു പ്രവർത്തകരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്നാണ് സിഐടിയു നേതാവ് പരസ്യവെല്ലുവിളി നടത്തിയത്. കെഎസ്ആർടിഇഎയുടെ ഓപ്പൺ ജനറൽ ബോഡിയും യാത്രയയപ്പ് ചടങ്ങുമാണു കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ സംഘടിപ്പിച്ചത്.
യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.കെ. ഹരികൃഷ്ണൻ പറഞ്ഞത്: കെഎസ്ആർടിസിയുടെ ബഹുമാന്യനായ അച്ഛൻ കഴിഞ്ഞ ദിവസം ഒരുത്തരവ് ഇറക്കിയിട്ടുണ്ട്. കെഎസ്ആർടിസി കോംപൗണ്ടിൽ പൊതുയോഗം, മാർച്ച്, ധർണ, പ്രകടനം എന്നിവ നടത്തരുതെന്നാണ് ഉത്തരവ്. അങ്ങനെയെങ്കിൽ ഈ പൊതുയോഗവും നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായി ഞാൻ ഉപയോഗിച്ച ഈ മൈക്ക് പൊലീസുകാരെ വിട്ട് എടുത്തുകൊണ്ടുപോകണം. ടോമിൻ തച്ചങ്കരി ഞങ്ങൾക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളണം. ഇല്ലെങ്കിൽ നിങ്ങൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു പറയേണ്ടിവരും.
Post Your Comments