കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ഹൈക്കോടതി ജഡ്ജി ആകാനുള്ള പാനലില്‍ സഹന്യായാധിപരുടെ ബന്ധുമിത്രാദികളെ മാത്രമല്ല പ്രമുഖ മതമേലധ്യക്ഷന്മാരുടെ നോമിനികളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ആന്റണി ഡൊമിനിക്കിന്റെ ചരിത്രനേട്ടമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആന്റണി ഡൊമിനിക്ക് പടിയിറങ്ങി; കേരള ഹൈക്കോടതി ദരിദ്രമായി.
എംഎം പരീതുപിളളയ്ക്കും കെകെ ഉഷയ്ക്കും ശേഷം കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാകാന്‍ ഭാഗ്യം സിദ്ധിച്ച മലയാളി ജഡ്ജിയാണ് ആന്റണി ഡൊമിനിക്ക്. ഫെബ്രുവരി ഒമ്ബതാം തീയതിയാണ് സത്യപ്രതിജ്ഞ ചെയ്തത്. മേയ് 29 ന് വിരമിച്ചു. ആകെ 110 ദിവസം. അതില്‍ അഞ്ചാഴ്ച വേനലവധി ആയിരുന്നു. ശനിയും ഞായറും പൊതുഅവധിയും കഴിഞ്ഞാല്‍ വെറും 49 പ്രവൃത്തി ദിവസം മാത്രം.
എങ്കിലും, കേരള ഹൈക്കോടതിയെ സുപ്രിം കോടതിയുടെ നിലവാരത്തിലെത്തിക്കാന്‍ ചീഫ് ജസ്റ്റിസ് ഡൊമിനിക്കിനു സാധിച്ചു; സ്വയം ദീപക് മിശ്രയ്‌ക്കൊപ്പം എത്തുകയും ചെയ്തു.
ശുഹൈബ് വധക്കേസ് സിബിഐക്കു വിടാനുള്ള വിധി സ്റ്റേ ചെയ്തു, കര്‍ദിനാളിനെതിരായ കേസ് റദ്ദാക്കി, അനഭിമതനായ ജസ്റ്റിസ് കെമാല്‍ പാഷയുടെ പരിഗണനാ വിഷയങ്ങള്‍ പുനര്‍ നിശ്ചയിച്ചു: എല്ലാം മന:സാക്ഷി അനുസരിച്ചു മാത്രം.
ഹൈക്കോടതി ജഡ്ജി ആകാനുള്ള പാനലില്‍ സഹന്യായാധിപരുടെ ബന്ധുമിത്രാദികളെ മാത്രമല്ല പ്രമുഖ മതമേലധ്യക്ഷന്മാരുടെ നോമിനികളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റെ ചരിത്രനേട്ടം. സുപ്രിം കോടതി ശുദ്ധമാക്കാന്‍ പാടുപെടുന്ന മഹാനായ ന്യായാധിപന്റെ പിന്തുണയും ലഭിച്ചു.
ഹൈക്കോടതിയില്‍ നിന്നു വിരമിച്ചു എങ്കിലും ആന്റണി ഡൊമിനിക്കിന്റെ ദൗത്യം അവസാനിച്ചിട്ടില്ല. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി അദ്ദേഹത്തെ അചിരേണ നിയമിക്കും.
‘സല്‍പുഷ്പമേ, ഇവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്പദ്രുമത്തിനുടെ കൊമ്ബില്‍ വിരിഞ്ഞിടാം നീ’ എന്ന കവിവാക്യം അതോടെ അന്വര്‍ത്ഥമാകും.
Post Your Comments