തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം മൂലം ശംഖുമുഖം കടല്‍ത്തീരത്തേക്ക് വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശംഖുമുഖം തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുന്നുണ്ട്. കടല്‍ 15 മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാത വരെ തിരയടിക്കുന്നുണ്ട്. ആളുകളെ പ്രവേശിപ്പിക്കുന്നില്ല. തീരം കടലെടുക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.
മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴയ്‌ക്കൊപ്പമാണ് കടലാക്രമണം രൂക്ഷമായത്. ശംഖുമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ പ്രദേശങ്ങളിലും തിരയടി രൂക്ഷമാണ്. ശംഖുംമുഖംഎയര്‍പോര്‍ട്ട് റോഡിന്റെ പകുതി ഭാഗം കടലെടുത്തതോടെ ഇവിടം പൊലീസിന്റെ സുരക്ഷയിലാണ്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെ ആളുകള്‍ കുടുംബസമേതം ബീച്ചില്‍ എത്തുന്നുണ്ടെങ്കിലും സുരക്ഷാ ജീവനക്കാര്‍ മടക്കി അയയ്ക്കുകയായിരുന്നു. രാവിലെ തീരത്ത് നടക്കാനും വ്യായാമത്തിനുമായി എത്തുന്നവരെയും സുരക്ഷ കണക്കിലെടുത്ത് പ്രവേശിപ്പിക്കുന്നില്ല. തീരത്തോട് ചേര്‍ന്നുണ്ടായിരുന്ന കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഇതോടെ തീരം ആളൊഴിഞ്ഞ നിലയിലാണ്. മഴക്കാലത്ത് ഇങ്ങനെ കടല്‍ കയറാറുണ്ടെങ്കിലും വേനല്‍മഴയില്‍ ഇതാദ്യമായാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Post Your Comments