കോഴിക്കോട്: വൈറസ് പരിശോധനക്കായി പഴം തിന്നുന്ന വവ്വാലുകളുടെ സാംപിൾ നാളെ ഭോപ്പാലിലേക്ക് അയക്കും. അഞ്ച് വവ്വാലുകളുടെ സാംപിൾ ആണ് ഭോപ്പാലിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കുന്നത്. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ.
4 പേർ മരിച്ച മൂസയുടെ വീടിന് സമീപത്ത് നിന്നാണ് പഴം തിന്നുന്ന വവ്വാലുകളുടെ സാംപിൾ ശേഖരിച്ചത്. പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘവും വവ്വാലുകളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന നടത്തുന്നത്.
നേരത്തെ കിണറിൽ നിന്ന് കണ്ടെത്തിയ വവ്വാലുകളിൽ നിപ്പാ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇതോടൊപ്പം പ്രദേശത്തെ മറ്റ് മൃഗങ്ങളുടെ സാംപിളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതേസമയം നിപ ഭീതിയിൽ വവ്വാലുകളെ തുരത്തുന്നത് പോലുള്ള നടപടി ഉണ്ടാകരുതെന്ന മുന്നറിയിപ്പും മൃഗസംരക്ഷണ വകുപ്പ് നൽകുന്നുണ്ട്. ഇത്തരം നടപടി ഉണ്ടായാൽ വവ്വാലുകൾ വൈറസ് പുറപ്പെടുവിക്കാൻ ഇടയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വാദം. പതിനാലു പേരാണ് നിപ വൈറസ് പിടിപെട്ട് മരണത്തിനു കീഴടങ്ങിയത്.
Post Your Comments