ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, ജോലിസ്ഥലത്തെ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ അരുള്‍ നാട്ടിലേയ്ക്ക് മടങ്ങി. ഏറെ പ്രതീക്ഷകളോടെ അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് അരുള്‍ കോബാറിലെ ഒരു വീട്ടില്‍ ഹൌസ് ഡ്രൈവര്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ വളരെ മോശം അനുഭവമാണ് അയാള്‍ക്ക് അവിടെ നിന്നും നേരിടേണ്ടി വന്നത്. അരുളിന്റെ സ്പോന്‍സര്‍ മുന്‍കോപിയും, അക്രമസ്വഭാവമുള്ള ആളുമായിരുന്നു. ദേഷ്യം വന്നാല്‍ അയാള്‍ ക്രൂരമായി മര്‍ദ്ദിയ്ക്കുമായിരുന്നു.
സഹികെട്ടപ്പോള്‍ അരുള്‍, നവയുഗം തുഗ്ബ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനറായ ആന്റോ മാളിയേക്കലിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു.ആന്റൊയുടെ നിര്‍ദ്ദേശപ്രകാരം, അരുള്‍ തെളിവിനായി സ്പോന്‍സര്‍ തന്നെ മര്‍ദ്ദിയ്ക്കുന്ന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ രഹസ്യമായി പകര്‍ത്തി. പിന്നെ ആന്റോയുമൊത്ത് അതുമായി പോലീസ് സ്റ്റേഷനില്‍ പോയി സ്പോന്സര്‍ക്കെതിരെ കേസ് കൊടുത്തു. പോലീസുകാര്‍ സ്പോന്സറെ സ്റ്റേഷനില്‍ വരുത്തി.
തെളിവ് സഹിതം പിടിയ്ക്കപ്പെട്ടപ്പോള്‍, സ്പോന്‍സര്‍ കുറ്റം സമ്മതിയ്ക്കുകയും ഒത്തുതീര്‍പ്പിന് തയ്യാറാവുകയും ചെയ്തു. പോലീസിന്റെയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അരുളിന് ഫൈനല്‍ എക്സിറ്റും, വിമാനടിക്കറ്റും, നഷ്ടപരിഹാരമായി 5000 റിയാലും നല്‍കാമെന്ന് സ്പോന്‍സര്‍ സമ്മതിച്ചു. പിറ്റേന്ന് തന്നെ സ്പോന്‍സര്‍ അതൊക്കെ നല്‍കുകയും ചെയ്തു. അതോടെ അരുള്‍ കേസ് പിന്‍വലിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ആന്റോയ്ക്കും നവയുഗത്തിനും നന്ദി പറഞ്ഞ് അരുള്‍ നാട്ടിലേയ്ക്ക് മടങ്ങി.
Also read ; ദുബായ് കനാലിലേക്ക് ചാടിയ യുവാക്കൾക്ക് സംഭവിച്ചതിങ്ങനെ
Post Your Comments