തിരുവനന്തപുരം ; ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ചികിത്സാ സഹായം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് മന്ത്രിസഭാ വാര്‍ഷികാഘോഷ ജില്ലാതല സമാപനവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോട്ടയം മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ രോഗികള്‍ ക്യൂ നിന്ന് വിഷമിക്കുന്ന അവസ്ഥയ്ക്ക് മോചനമുണ്ടാകും. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒപി ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ സംവിധാനം വരുന്നതോടെ ഏറെ തിരക്കുള്ള മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാകും. ആശുപത്രികളുടെ സൗകര്യം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ പ്രത്യേകത ഇവിടെ എത്തുന്ന രോഗികള്‍ ചികിത്സയില്‍ തൃപ്തരാണ് എന്നതാണ്. അതിനാല്‍ ചികിത്സ തേടി കൂടുതല്‍ ആളുകള്‍ എത്തുന്നു. വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് പല സ്വകാര്യ ആശുപത്രികളിലും വ്യത്യസ്ത ചെലവാണ് ഉണ്ടാകുന്നത്. എന്നാല്‍ ഏറ്റവും ചെലവു കുറഞ്ഞ സ്വകാര്യ ആശുപത്രിയെക്കാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാച്ചെലവ് കുറയുന്നു. ശസ്ത്രക്രിയയ്ക്കായി നീക്കി വയ്ക്കുന്ന തുകയ്ക്ക് തുടര്‍ ചികിത്സയും നടത്താന്‍ കഴിയുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളേജ് മാറിയതിന് പിന്നിൽ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അര്‍പ്പണബോധവും കൂട്ടായ ശ്രമവുമാണ്. അതിന് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അവിചാരിതമായെത്തുന്ന ആരോഗ്യ പ്രതിസന്ധികളില്‍ ജീവത്യാഗം വരെ ചെയ്ത ആരോഗ്യപ്രവര്‍ത്തകരാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളതെന്നും” അദ്ദേഹം പറഞ്ഞു.
36 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളേജിന്റെ പൂര്‍ത്തീകരിച്ച പുതിയ അത്യാഹിത വിഭാഗം, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള നവീകരിച്ച ഗൈനക്കോളജി ഒ. പി, അത്യാധുനിക ഡ്യുവല്‍മോഡുലാര്‍ ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ തിയറ്റര്‍, ഹീമോഫീലിയവാര്‍ഡ്, പുതിയമോര്‍ച്ചറിബ്ലോക്ക്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂര്‍ ലാബ്, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സെന്റര്‍, കൂട്ടിരുപ്പുകാര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവയുടെ ഉദ്ഘാടനവും ക്യാന്‍സര്‍ വിഭാഗത്തില്‍ 11.5 കോടിരൂപ ചെലവില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ സെന്ററിന്റെ ശിലാസ്ഥാപനവും 525 കോടിരൂപയുടെമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ചടങ്ങില്‍ നടന്നു.
Also read ; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ഗുരുതര സുരക്ഷാവീഴ്ച
Post Your Comments