കോഴിക്കോട്: നിപ്പ വൈറസ് പനി ജനങ്ങളിൽ ഉണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല. പനിയുടെ കാരണം ഏതാണെന്ന് പോലും ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. പനി ബാധിച്ചവരെ വണ്ടിയിൽ കയറ്റാൻ പോലും ആളുകൾക്ക് പേടി. ആശുപതിയിലെ നഴ്‌സുമാർക്കും ഇത് തന്നെയാണ് അവസ്ഥ. പനി ബാധിച്ച കുടുംബത്തെ പരിചരിച്ച നഴ്‌സ് ലിനി മരിച്ചതോടെയാണ് നഴ്‌സുമാരെ വണ്ടിയിൽ കയറ്റാത്ത അവസ്ഥയുണ്ടായത്. പനി ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കും കടുത്ത അവഗണനയും വിവേചനവുമാണ് നേരിടേണ്ടി വരുന്നത്. മരണവീട്ടിൽ പോലും ആളൊഴിഞ്ഞ അവസ്ഥ. സ്വന്തം ജീവനിൽ ഭയമുള്ളതുകൊണ്ടാണ് നാട്ടുകാരിൽ നിന്ന് ഇത്തരമൊരു രീതി ഉണ്ടാകുന്നത്. എന്നാൽ സ്വന്തം ഉറ്റവർ തങ്ങളെ വിട്ടുപോയ സങ്കടം താങ്ങാനാവാതെ വിതുമ്പുന്നവർക്ക് നാട്ടുകാരിൽ നിന്ന് ഉണ്ടാകുന്ന ഈ അവഗണന താങ്ങാൻ ആകുന്നതിനും അപ്പുറമാണ്. അത്തരം ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അഭിലാഷ് എന്ന യുവാവ്. അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
ALSO READ: നിപ്പ വൈറസ്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം
നിപ ഭീതി പരക്കുന്നതിനിടയിൽ ആയിരുന്നു ,നാദാപുരം ഉമ്മത്തൂരിൽ നിന്നും നിഖിലിന്റെ ഫോൺ കോൾ.
നിപ ബാധിച്ച് മരിച്ച അശോകന്റെ വീട്ടിൽ ആരും കയറുന്നില്ല. പൂർണ്ണമായും ഒറ്റപ്പെട്ട രീതിയിൽ ആണ്.. എന്ത് ചെയ്യും ?എന്ന ആകാംക്ഷയാണ് അവൻ പങ്ക് വച്ചത്.
രാവിലെ കുറച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വന്നിരുന്നു.
വീട്ടിൽ ആരും നിൽക്കരുത്… പനി പകരും എന്ന് ഭീതിപ്പെടുത്തി അവർ തിരിച്ച് പോവുകയും ചെയ്തു.( അവർക്കും നിപ എങ്ങനെ പകരും എന്നതിനെപ്പറ്റി ആ സമയത്ത് യാതൊരു ധാരണയും ഉണ്ടായിരുന്നിരിക്കില്ല.)
അതോടെ ആരും തിരിഞ്ഞു നോക്കാതെ വീട് പൂർണ്ണമായും ഒറ്റപ്പെട്ടു..
ഉറ്റവൻ മരിച്ച ദു:ഖം താങ്ങാനാവാതെ കഴിയുന്ന വീട്ടുകാർക്ക് ഒരു തുള്ളി വെള്ളം പോലും നൽകാൻ ആരുമില്ലാതായി…
കുറച്ച് ഗ്ലൗസും, മാസ്കും , തന്നാൽ ഞങ്ങൾ വീട്ടിൽക്കയറാം, വേണ്ട കാര്യങ്ങൾ ചെയ്യാം എന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോ, … പബ്ലിക്കിന് ,മാസ്കും കയ്യുറയും നൽകാനുള്ള വകുപ്പില്ലെന്ന മറുപടിയാണത്രെ അവർക്ക് ലഭിച്ചത്.
പിന്നെ സ്വയം റിസ്കെടുത്തു അവർ കുറച്ച് പേർ തയ്യാറായി ഇറങ്ങി..
കയ്യിൽ നിന്ന് കാശെടുത്ത് ,ഗ്ലൗസും ,മാസ്കും ,ഡറ്റോളും വാങ്ങി വീട്ടിലേക്ക് കയറി.
അടിച്ച് വൃത്തിയാക്കി ഡറ്റോളിട്ട് കഴുകി.. ചില വസ്ത്രങ്ങൾ തീയിട്ടു.
വീട്ടുകാർക്ക് വെള്ളം നൽകി.
മുറ്റത്ത് പന്തലിട്ടു.
വീട്ടുകാരെ ആശ്വസിപ്പിച്ചു. ഒറ്റപ്പെടലിൽ നിന്നും ചേർത്തു പിടിച്ചു.
ഉച്ചയോടെ ആരോഗ്യ വകുപ്പ് ,അശോകന്റെ മരണം നിപ മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഉടൻ ഭാര്യയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും ഇവർ തന്നെ.
രാത്രി ഏറെ വൈകി വീട്ടിലെത്തി , അന്നിട്ട ഡ്രസ്സ് ചൂട് വെള്ളത്തിൽ കുതിർത്തി വച്ച സമയത്താണ് നിഖിൽ എന്നെ വിളിക്കുന്നത്.
രാവിലെ വന്നു പോയ ഉദ്യോഗസ്ഥർ പിന്നീട് തിരിഞ്ഞ് നോക്കാത്തതിലുള്ള രോഷമായിരുന്നു അവന്റെ വാക്കുകളിൽ മുഴുവൻ..
ചിരിച്ച് കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നതിനിടയിൽ അവൻ ഒന്നു കൂടി പറഞ്ഞു.
”ചിരിക്കുന്നുവെന്നേയുള്ളൂ, ഇവിടെ ഭയാനകമാണ് അവസ്ഥ …. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഒരു ബോധവൽക്കരണം എങ്കിലും നടത്തിയാൽ മതിയായിരുന്നു “
പരമാവധി ആത്മവിശ്വാസം നൽകാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ..
ഫോൺ കട്ട് ചെയ്ത ഉടൻ, ആരോഗ്യ വകുപ്പിന്റെ വീഴ്ചയും, പ്രദേശവാസികളുടെ ആശങ്കയും, ജില്ലാ ഹെൽത് ഉദ്യോഗസ്ഥരുടെയും , ബഹു: കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി.
ഇപ്പൊ ,പതുക്കെ, പതുക്കെ ആ വീട്ടിലേക്ക് പലരും എത്തിത്തുടങ്ങി.
ഇന്ന് വീണ്ടും വിളിച്ചപ്പോ , പ്രദേശത്തെ പനി ബാധിച്ച ആരെയോ ഹോസ്പിറ്റലിൽ എത്തിക്കുന്ന തിരക്കിൽ ആയിരുന്നു അവർ.
നിഖിൽ ഉമ്മത്തുർ ശാഖ മുഖ്യശിക്ഷക് ആണ്…
ഒപ്പം ധൈര്യസമേതം സേവന നിരതരായത് ഉമ്മത്തൂർ ശാഖാ സ്വയം സേവകരും.
അഭിനന്ദനങ്ങൾ സഹോസ്.
Post Your Comments