Kerala

കസ്റ്റഡിമരണം നടന്ന ഭീതിയില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു

പറവൂര്‍: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണം നടന്ന ഭീതിയില്‍ ഒരു മാസം മുമ്പ് നടത്തിയ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു. ഒടുവില്‍ കൊല്ലപ്പെട്ടയാളുടെ ഒരു മാസം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തിയതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പറവൂര്‍ പറവൂത്തറ ഈരയില്‍ ഇ.പി. ദാസനെ കാണാതാകുന്നത് ഏപ്രില്‍ 21-നാണ്. കൂലിപ്പണിക്കാരനായ ദാസന്‍ ജോലിക്കു പോയാല്‍ നിത്യവും വീട്ടില്‍ തിരിച്ചെത്തുക പതിവാണ്. കാണാതായതിനെ തുടര്‍ന്ന് മക്കള്‍ വടക്കേക്കര പോലീസില്‍ പരാതി നല്‍കി. മാന്‍ മിസിങ്ങിന് പോലീസ് കേസും എടുത്തു.

കാണാതാകുന്ന ദിവസം രാജേഷ് എന്നയാള്‍ ദാസനെ ഫോണില്‍ വിളിച്ച്‌ ജോലിക്ക് എന്നു പറഞ്ഞ് ബൈക്കിനു പിന്നില്‍ കൂട്ടിക്കൊണ്ടുപോയ വിവരവും ബന്ധുക്കള്‍ പോലീസിന് കൈമാറി. എന്നാല്‍ അന്വേഷണം ഒന്നുമുണ്ടായില്ല. മുങ്ങിനടന്ന രാജേഷിനെ വേണ്ട രീതിയില്‍ ചോദ്യംചെയ്യുന്നതിന് വടക്കേക്കര പോലീസ് മുതിര്‍ന്നില്ലെന്ന് ശക്തിയായ ആരോപണം ഉയര്‍ന്നു. ഒടുവില്‍ 24-ന് അത്താണി കുറുന്തിലത്തോട്ടില്‍ ചൂണ്ടയിടാന്‍ എത്തിയ ചിലരാണ് അഴുകിയ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങളിലെ മാംസം അഴുകിയ നിലയിലായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മരംവെട്ട് തൊഴിലാളിയായ രാജേഷ് അത്താണി ഭാഗത്തെ മരം ഡിപ്പോയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലം മുന്‍കൂട്ടി കണ്ടുവച്ചാണ് ദാസനെ കൊണ്ടുപോയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ദാസന്റെ മക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ രാജേഷ് ദാസനെ ബൈക്കില്‍ പറവൂരില്‍ ഒരു ബാറിനു സമീപം കൊണ്ടുവന്ന ശേഷം തിരിച്ച്‌ മാഞ്ഞാലി ഭാഗത്തേയ്ക്ക് കൊണ്ടുപോയതായ വിവരവും നല്‍കി. വിവിധ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അതു സംബന്ധിച്ച വിവരങ്ങളും സൂചനകളും കൈമാറി. ഇതേത്തുടര്‍ന്ന് പോലീസ് രാജേഷിനെ വിളിച്ച്‌ ചോദ്യം ചെയ്‌തെങ്കിലും പരസ്​പരവിരുദ്ധമായി സംസാരിക്കുന്നതായി കാട്ടി പറഞ്ഞുവിടുകയായിരുന്നു.

ഇതിനിടെ രാജേഷ് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സി.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാര്‍ മര്‍ദിച്ചതായി കാട്ടിയാണ് ഇയാള്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. ഡിസ്ചാര്‍ജായ ശേഷം ആശുപത്രിയില്‍ അഡ്മിറ്റായ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനും ഇയാളും ഭാര്യയും തിരക്കുകൂട്ടി. പോലീസ് സ്റ്റേഷനിലും ഇയാള്‍ വരാപ്പുഴ കസ്റ്റഡിമരണം ചൂണ്ടിക്കാട്ടി പോലീസുകാരില്‍ ഭീതിവിതച്ചു. ദുരൂഹമായ സാഹചര്യത്തില്‍ ദാസനെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്നതില്‍ അനാസ്ഥ കാട്ടുന്നതായി ആരോപിച്ച്‌ സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയും എസ്.എന്‍.ഡി.പി. ശാഖയും പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തി. സി.പി.എം. ഏരിയ കമ്മിറ്റിയും അന്വേഷണ പുരോഗതിയിലെ വീഴ്ചയ്ക്ക് എതിരേ രംഗത്തെത്തിയിരുന്നു. അതോടെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം 18ന് കാണ്‍മാനില്ല എന്നു കാട്ടി പോലീസ് സ്റ്റേഷനുകളുടെ നമ്പറില്‍ വിവരം നല്‍കണമെന്ന് പരസ്യവും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button