കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച മൂസയുടെ മൃതദേഹം ഖബറടക്കി. ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ നടന്ന ഖബറടക്കല്‍ ചടങ്ങിൽ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ് പങ്കെടുത്തത്. ഇത്തരം മൃതദേഹം സംസ്കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു സംസ്കാര ചടങ്ങ് നടന്നത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസ വെള്ളിയാഴ്ച്ച രാവിലെയാണ് മരിച്ചത്. വൈറസ് പരക്കാന്‍ ഇടയുള്ളതിനാൽ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത് അധികൃതര്‍ വിലക്കിയിരുന്നു. തുടർന്നാണ് നഗരത്തിലെ കണ്ണംപറമ്പ് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്.
പത്തടി താഴ്ചയുള്ള ഖബറില്‍ വായു കടക്കാത്ത ഇരട്ട കവറില്‍ പൊതിഞ്ഞ് അടക്കാനായിരുന്നു നിർദേശം. ആറടി താഴ്ചയുള്ള ഖബര്‍ നാലടി കൂടി കുഴിച്ച് കല്ല്വെച്ച് പടവ് ചെയ്താണ് ഖബറൊരുക്കിയത്. കണ്ണംപറമ്പ് ഖബര്‍സ്ഥാന്റെ കവാടത്തിൽ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ എത്തിച്ച മൃതദേഹം കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഒാഫിസര്‍ ഡോ. ആര്‍.എസ്. ഗോപകുമാറും സഹ ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളായ നാലുപേരും ചേര്‍ന്ന് ഏറ്റുവാങ്ങി. അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്ത്രവും ഗ്ലൗസും മാസ്കും എല്ലാം ഇവർ ഉപയോഗിച്ചിരുന്നു.
മകന്‍ മുത്തലിബ് സഹോദരന്‍ മൊയ്തുവും ഉറ്റ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. മൃതദേഹത്തിന് അഞ്ച് മീറ്റര്‍ അകലെ നിന്നാണ് സംസ്കാര ചടങ്ങുകളും പ്രാര്‍ഥനയും നടത്തിയത്.
Also read ; നിപ വൈറസ് പനി; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Post Your Comments