ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെക്കുകവഴി പ്രശസ്തനായ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നാണ് മേജര്‍ പിടിയിലായത്. ഓണ്‍ലൈന്‍ വഴി ശ്രീനഗറിലെ ഹോട്ടലില്‍ ഒരു ദിവസത്തേയ്ക്ക് മേജര്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കാനാവില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതോടെ തര്‍ക്കത്തിലാവുകയായിരുന്നു. അനാശാസ്യം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ ഇദ്ദേഹത്തെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയും മറ്റൊരാളും സഹിതം ഹോട്ടലിലെത്തിയ ഗോഗോയ് ഹോട്ടലില്‍ ഉള്ളവരുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതോടെ പോലീസെത്തി ഇദ്ദേഹത്തെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഒരു മീറ്റിങിന് വന്നതാണെന്നാണ് മേജറുടെ നിലപാട്.ബുദ്ഗാം ഗ്രാമത്തിലെ സമീര്‍ അഹ്മദ് എന്നയാളുടെ കൂടെ ഹോട്ടലിലെത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും കേസ് നീതിപൂര്‍വം അന്വേഷിക്കുമെന്നും ശ്രീനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.പി. പാണി പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം മാത്രമേ നടപടികളെടുക്കൂ എന്ന് സൈന്യം പറഞ്ഞു. 2017ല്‍ ബദ്ഗാം ജില്ലയില്‍ യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ടത് ലീതുല്‍ ഗൊഗോയ് ആയിരുന്നു. ഇദ്ദേഹത്തെ സൈന്യം പിന്നീട് ആദരിച്ചു. പക്ഷേ സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാകാനും കൂടുതല്‍ എതിര്‍പ്പുകളുണ്ടാകാനും ഇത് കാരണമായി. എന്നാല്‍ കല്ലെറിയുന്നവരില്‍ നിന്ന് സ്വയം രക്ഷനേടാന്‍ സൈനീകര്‍ക്ക് ഇത് ചെയ്യേണ്ടി വരുമെന്ന് സൈനീക മേധാവികള്‍ വ്യക്തമാക്കി.
വോട്ടെടുപ്പ് സമയമായിരുന്നെന്നും അതിനാല്‍ വോട്ടെടുപ്പ് കേന്ദ്രത്തിന് ചുറ്റും കല്ലെറിയാന്‍ നിന്നവരെ നേരിടാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ വഴിയെന്നും. വോട്ടെടുപ്പ് സമാധാനപരമായി നടത്തേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അതിനായാണ് പട്ടാള ഉദ്യോഗസ്ഥര്‍ ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നും ഗൊഗോയിക്ക് പുരസ്‌കാരം നല്‍കിയത് സൈനീകരുടെ മനോവീര്യം ഉയര്‍ത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്ന് പ്രതികരിച്ചു.
Post Your Comments