Kerala

കൊലയാളി വൈറസ് പരത്തിയ വവ്വാലിനെ പിടികൂടിയത് അതിസാഹസികമായി : ഭീതിജനകമായ അന്തരീക്ഷത്തില്‍ സാഹസത്തിന് തയ്യാറായത് ഈ യുവാവ് മാത്രം

കോഴിക്കോട് : സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പരത്തിയത് ആ വവ്വാലായിരുന്നു. പേരാമ്പ്രയില്‍ നിപ വൈറസ് ആദ്യമായി ബാധിച്ചതും പിന്നെ മരണത്തിന് കീഴടങ്ങിയതും ഒരു കുടുംബത്തിലെ മൂന്നുപേരായിരുന്നു, പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അവരുടെ കിണറ്റില്‍ പിന്നീട് വവ്വാലിനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കിണറ്റില്‍ നിന്ന് വൈറസ് ബാധയുള്ള വവ്വാലിനെ ആര് പിടിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം.

ഈ സമയത്താണ് പാലക്കാട് വാളയാര്‍ വനത്തിലേക്ക് വവ്വാലുകളെ തേടി, കൊല്ലം മണ്‍ട്രോത്തുരുത്ത് കൃഷ്ണവിലാസത്തില്‍ ശ്രീഹരി എന്ന മുപ്പതുകാരന്‍ വീട്ടില്‍ നിന്നിറങ്ങിയത്. വവ്വാലുകളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഇദ്ദേഹം കയറാത്ത ഉള്‍ക്കാടുകളില്ല. ഒരു കൊല്ലത്തിനിടെ അന്‍പതോളം വവ്വാലുകളെ പിടിച്ച് പഠിച്ചതിനുശേഷം അവയെ വെറുതെവിട്ടിട്ടുള്ളയാണിത്.

എറണാകുളത്ത് എത്തിയപ്പോഴാണ് വനംവകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ ഫോണ്‍ വരുന്നത്. പേരാമ്പ്രയിലെ നിപ്പ ബാധിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ കിണറ്റില്‍ താമസിക്കുന്ന വവ്വാലുകളെ പിടിക്കണമെന്നായിരുന്നു ആവശ്യം .വവ്വാലെന്നു കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. കാറില്‍ നിറയെ വവ്വാല്‍ പിടിത്ത ഉപകരണങ്ങള്‍. ഒപ്പം സ്റ്റൗ, വനയാത്രക്കുള്ള സാമഗ്രികള്‍ എന്നിവയും.

പക്ഷേ നിപ ബാധിച്ച സ്ഥലത്തേക്ക് പോവുകയാണെന്ന് വീട്ടില്‍ പറഞ്ഞില്ല. ഉച്ചകഴിഞ്ഞ് എത്തിയപ്പോള്‍ ശ്രീഹരിയെ കാത്ത് വനംവകുപ്പുകാരും വെറ്ററിനറിക്കാരും ഉണ്ടായിരുന്നു. ഉറങ്ങുകയായിരുന്ന വവ്വാലിനെ ശബ്ദം കേള്‍പ്പിച്ച് ഉണര്‍ത്തിയശേഷം മുകളിലേക്ക് വരുത്തി. പൊങ്ങിവന്നപ്പോള്‍, ശ്രീഹരി സ്ഥിരം ഉപയോഗിക്കുന്ന കെണികളിലൊന്നുപയോഗിച്ച് പിടികൂടി.

വെറ്ററിനറി ഡോക്ടര്‍മാര്‍ വവ്വാലിന്റെ രക്തവും ഉമിനീരും സാമ്പിളായെടുത്തു. വവ്വാലുകളെ പിടിക്കാന്‍ നിലവില്‍ മിസ് നെറ്റ് എന്ന സംവിധാനമാണുള്ളത്. എന്നാല്‍, അതില്‍ വീഴുന്നവ വലയില്‍ക്കുരുങ്ങി ചാവാനിടയുണ്ട്.

വിദേശത്ത് ഹാര്‍പ് എന്നൊരുതരം കെണിയുണ്ട്. ഇന്ത്യയില്‍ ഇതെത്തിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ ചെലവാകും. അത്തരമൊന്ന് നാട്ടിലെ വര്‍ക്ഷോപ്പിന്റെ സഹായത്തോടെ 20,000 രൂപ ചെലവാക്കി ശ്രീഹരി ഉണ്ടാക്കി.

നാലെണ്ണം രാജ്യത്തെ പക്ഷിനിരീക്ഷകര്‍ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുമുണ്ട്. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഫോറസ്ട്രിയില്‍ എം.എസ്സി. രണ്ടാം റാങ്കോടെ ജയിച്ചശേഷമാണ് ചൈനയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ശ്രീഹരിയിപ്പോള്‍.

ആളിപ്പോള്‍ വില്ലനായി മാറിയിരിക്കുകയാണെങ്കിലും വവ്വാലുകള്‍ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നാണ് ശ്രീഹരി പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button