Latest NewsLife Style

നിപാ വൈറസ് : വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെങ്കില്‍ ചെയ്യേണ്ടത് – ഡോ. ജിനേഷ് പി.എസ് പറയുന്നു

മലബാര്‍ മേഖലയിലെ നിപാ വൈറസ് മരണങ്ങള്‍ കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. അതിനിടെ, ആദ്യത്തെ മരണം നടന്ന കോഴിക്കോട് പേരാമ്പ്രയില്‍ നിപാ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കിണറ്റില്‍ ചത്ത് വീണ വവ്വാലുകളില്‍ നിന്നാണ് വൈറസ് വെള്ളത്തില്‍ വ്യാപിച്ചത്. ഇത് കണ്ടെത്തിയതോടെ കിണര്‍ മണ്ണിട്ട് മൂടിയതായും മന്ത്രി പറഞ്ഞു.

വവ്വാലുകളില്‍ നിന്നാണ് വൈറസ് പടര്‍ന്നതെങ്കില്‍ രോഗത്തെയും സാഹചര്യങ്ങളെയും കൂടുതല്‍ കരുതലോടെ സമീപിക്കണമെന്ന് ഇന്‍ഫോ ക്ലിനിക് അഡ്മിന്‍ കൂടിയായ ഡോ.ജിനേഷ് പി.എസ് പറയുന്നു.

ജിനേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കിണറ്റിനുള്ളിൽ വവ്വാലുകളെ കണ്ടെന്നും അവിടെനിന്നും പകർന്നതാവാം നിപ്പാ വൈറസ് അണുബാധ എന്നും വാർത്ത.

അങ്ങനെയെങ്കിൽ,

1. കിണറ്റിൽ നിന്നും പിടിക്കുന്ന വവ്വാലുകളിൽ നിപ്പാ വൈറസ് ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കണം. വവ്വാലുകളിൽ ഗവേഷണം നടത്തുന്നവർ അതിനായി ശ്രമിക്കുന്നു.

2. കേരളത്തിലാകെ ആറുതരത്തിലുള്ള ഫ്രൂട്ട് വവ്വാലുകൾ (അതായത് വലിയ വവ്വാലുകൾ) ആണുള്ളത്. അതിൽ മൂന്ന് സ്പീഷീസ് വനമേഖലയിൽ മാത്രം കാണുന്നവയാണ് എന്നാണ് അറിവ്.

3. നാട്ടു പ്രദേശത്ത് കാണുന്ന മൂന്നുതരം തരം വവ്വാലുകളും ഒരു ദിവസം പരമാവധി സഞ്ചരിക്കുന്ന ദൂരം 25 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ എന്നാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ പറഞ്ഞത്. സാമൂഹ്യമായി ഒരുമിച്ച് ജീവിക്കുന്നവരാണ് വവ്വാലുകൾ. അതുകൊണ്ട് സാധാരണയായി ഇവർ സ്വന്തം സ്ഥലം വിട്ട് പോകാറില്ല.

4. ഫ്രൂട്ട് വവ്വാലുകൾ ഒഴുകെയുള്ളവ പ്രാണികളെ ആഹരിക്കുന്നവയാണ്. അതായത് ചെറിയ വവ്വാലുകൾ. അവ ഒരു ദിവസം പത്തു കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാറില്ല.

(വവ്വാലുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നോ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ.)

5. വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെങ്കിൽ, നിലവിൽ അസുഖബാധ ഉണ്ടായിരിക്കുന്നതിന്റെ ഏകദേശം 50 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം.

6. അവിടെ പനിബാധിച്ചവരും അവരുടെ സഹായികളും യാത്ര ഒഴിവാക്കുന്നത് നന്നാവും. മറ്റൊരാളിലേക്ക് പനി പകരാതിരിക്കാൻ ഇത് ഉപകരിക്കും.

7. വൈറസ് ശരീരത്തിൽ കയറിയ ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കാൻ നാലു മുതൽ 15 ദിവസം വരെ എടുക്കാം. അതുകൊണ്ട് ഇനിയുള്ള കുറച്ചു നാളുകൾ കൂടി അതീവജാഗ്രത പുലർത്തണം.

8. അതായത് വവ്വാലുകളോ പക്ഷിമൃഗാദികളോ ഭാഗികമായി ആഹരിച്ച ഫലങ്ങൾ ഭക്ഷിക്കാതിരിക്കുക. വവ്വാലുകളുടെ കാഷ്ഠം വീഴാൻ സാധ്യതയുള്ള തുറന്ന കലത്തിൽ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക.

9. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണര്‍ ശുചിയാക്കി സൂക്ഷിക്കുക.

10. പനിബാധിച്ചവർ സ്വയം ചികിത്സ ഒഴിവാക്കുക. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടർമാരെ നേരിൽ കാണുക. വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്ന മണ്ടത്തരങ്ങൾക്ക് തല വയ്ക്കാതിരിക്കുക.

11. പനിബാധിതരെ പരിചരിക്കുന്നവർ വ്യക്തിഗതമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക. സോപ്പുപയോഗിച്ച് നന്നായി കഴുകുക.

12. ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം, വ്യക്തിപരമായ സുരക്ഷാമാർഗങ്ങൾ ഉറപ്പാക്കണം.

13. വളർത്തുമൃഗങ്ങളിൽ കൂട്ടത്തോടെ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ മൃഗസംരക്ഷണ വകുപ്പിനെയോ അടുത്തുള്ള മൃഗഡോക്ടറെയോ എത്രയും പെട്ടെന്ന് അറിയിക്കുക.

14. പരിഭ്രാന്തരാവുകയല്ല വേണ്ടത്. ചിട്ടയായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് വേണ്ടത്.

15. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായും വ്യക്തമായും പാലിക്കുക.

ഒരു കാര്യം കൂടി; വവ്വാലുകളിൽ നിന്നാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരങ്ങളിൽ വസിക്കുന്ന വവ്വാലുകളെ ഓടിക്കുന്നതോ കൊല്ലുന്നതോ ഒരു പരിഹാരമല്ല. അത്തരം പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം. ഇത്തരം വിഷയങ്ങളിലൊക്കെ സർക്കാർ വേണ്ട തീരുമാനങ്ങളെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button