കോഴിക്കോട് : നിപ വൈറസ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോഴും ലിനി എന്ന അമ്മ മനോധൈര്യം കൈവിട്ടില്ല. തന്റെ പിഞ്ചുമക്കളേയും കുടുംബത്തേയും കുറിച്ചോര്‍ത്ത് അവരുടെ ഹൃദയം തേങ്ങുകയായിരുന്നു.ആശുപത്രി ഐസിയുവില്‍ മരണവുമായി മല്ലിടവെ അവള്‍ ഭര്‍ത്താവിന് എഴുതിയ കത്താണ് ഇപ്പോള്‍ മലയാളിയുടെ കരളലിയിക്കുന്നത്. അവസാനമായി മക്കളെപ്പോലും ഒരുനോക്കു കാണാനാകാതെയാണ് ലിനി ഈ ലോകത്തു നിന്നും വിടവാങ്ങിയത്.
സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry..നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please..
with lots of love ഇതാണ് ആ കത്തിലെ വാചകങ്ങള്‍.
നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച നഴ്‌സ് ലിനയ്ക്ക് കണ്ണീര്‍ കൊണ്ട് ആദരാജ്ഞലികള്‍ നല്‍കുകയാണ് സമൂഹമാധ്യമങ്ങള്‍.
പനി മരണം സംഭവിച്ച രോഗികളെ പരിചരിച്ചതിലൂടെയാണ് ലിനിയ്ക്ക് രോഗം പകര്‍ന്നത്. ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി. പക്ഷേ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്‌കരിച്ചത്. അമ്മ തിരിച്ചുവരുമെന്ന് കരുതിയിരിക്കുകയാണ് ലിനിയുടെ മക്കള്‍. ആ അഞ്ചുവയസുകാരനും രണ്ടു വയസുകാരനും അമ്മയെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല. അമ്മയുടെ ചിതയെരിയുമ്പോള്‍ അവര്‍ ഒന്നുമറിയാതെ വീട്ടിലായിരുന്നു. ഭര്‍ത്താവും അച്ഛനും അമ്മയും മാത്രമാണ് മൃതദേഹം കണ്ടത്.
പനിയുമായി എത്തിയ രോഗിയെ ശുശ്രൂഷിക്കുമ്പോള്‍ ലിനി ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. തന്റെ ജീവന്‍ അപഹരിക്കുന്ന രോഗമാണ് തനിക്ക് പകരാന്‍ പോകുന്നതെന്ന്. നഴ്‌സിന്റെ ധര്‍മം അവര്‍ ഒരുമടിയും കൂടാതെ പാലിച്ചു. തന്റെ മുന്നിലെത്തിയ രോഗിയെ ശുശ്രൂഷിക്കുന്നതിലായിരുന്നു ലിനിയുടെ ശ്രദ്ധ. ഒടുവില്‍ ആ രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലിനിയും മാലാഖമാരുടെ ലോകത്തേക്ക്. രോഗികള്‍ക്കായി ജീവന്‍ ദാനം നല്‍കിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. മരിച്ച സാബിത്തില്‍ നിന്നാണ് ലിനിക്ക് രോഗം പകരുന്നത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.
വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്തായിരുന്നു. രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. അതിനിടെ ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments