മലപ്പുറം: നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ വീടുകൾ ഒറ്റപ്പെടുന്നു. ആദ്യമായി പ്രദേശത്ത് പടര്‍ന്ന് പിടിച്ച രോഗത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പലരും. ആശങ്കകള്‍ക്കിടെ കോഴിക്കോട് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നതും നാട്ടുകാരില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ മുഹമ്മദ് സാലിഹ്, സഹോദരൻ മുഹമ്മദ് സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരുടെ മരണം നിപ്പാ വൈറസ് ബാധ കാരണമാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ഇവരുടെ വീടുകളിലേക്ക് പ്രദേശവാസികള്‍ ആരും തന്നെ പോകുന്നില്ലെന്നാണ് വിവരം. രോഗം പടരുമെന്ന ഭീതിയിലാണ് മരണവീടുകള്‍ ആരും സന്ദര്‍ശിക്കാതിരിക്കുന്നത്. ഇതോടെ മരിച്ചവരുടെ ബന്ധുക്കള്‍ സഹായത്തിന് പോലും ആളില്ലാതെ ബുദ്ധിമുട്ടുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തില്‍ അടുത്ത് ഇടപഴകിയവരായ ആളുകള്‍കള്‍ക്കാണ് രോഗം വന്നത് എന്നതും ജനങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
രോഗികളെ ചികിത്സിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്സ് മരിച്ചതും ഭീതിക്ക് ആക്കം കൂട്ടുന്നുണ്ട്. വൈറസ് പകരാതിരിക്കാന്‍ നഴ്സ് ആയ ലിനിയുടെ മൃതദേഹം ആസ്പത്രി അധികൃതര്‍ ആസ്പത്രി വളപ്പില്‍ തന്നെ സംസ്കരിക്കുകയായിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ടെന്നും ആദ്യ മരണം സംഭവിച്ച് 15 ദിവസം പിന്നിട്ട ശേഷമാണ് രണ്ടാമത്തെ മരണം നടന്നത്. അതുകൊണ്ട് തന്നെ പനി വ്യാപകമായി പടരുന്നില്ലെന്നതാണ് വ്യക്തമാകുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
രോഗം ബാധിച്ചവരുമായി ഇടപെടുന്നവര്‍ കൈയുറകളും മാസ്കുകളും അടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗികളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ പരിശോധന നടത്തണമെന്ന് ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി, തലവേദന, മയക്കം, തലകറക്കം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സിക്കരുത്.
വവ്വാല്‍, പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക. വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കള്ള് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments