Gulf

അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി : യുവാവ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് ട്രാവല്‍ ഏജന്‍സി

അജ്മാന്‍ : അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. നാല്‍പത് ദിവസം മുന്‍പ് അജ്മാനില്‍ നിന്ന് കാണാതായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയപറമ്പില്‍ നീലാംബരന്റെ മകന്‍ ശ്രീകുമാറി(35)നെയാണ് അജ്മാന്‍ കോര്‍ണിഷില്‍ കണ്ടെത്തിയത്.. കാണാതായിയെന്ന് വാര്‍ത്ത കണ്ട് ഇയാളെ തിരിച്ചറിഞ്ഞ വര്‍ക്കല സ്വദേശി ഉമേഷ് മകനെ അന്വേഷിച്ച് നാട്ടില്‍ നിന്നെത്തിയ പിതാവ് നീലാംബരനെ വിവരമറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ രാത്രി എട്ടിന് നീലാംബരനും ബന്ധുക്കളും ചെന്ന് ശ്രീകുമാറിനെ താമസ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.

അജ്മാനിലെ ഒരു ട്രാവല്‍സില്‍ ടിക്കറ്റ് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ശ്രീകുമാറി(35)നെ ഏപ്രില്‍ 12 മുതലാണ് താമസ സ്ഥലത്ത് നിന്ന് കാണാതായത്. ഇയാള്‍ ഓഫീസിലെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം ട്രാവല്‍സ് ഉടമ അറിഞ്ഞത്. ആശുപത്രി, ജയില്‍, മോര്‍ച്ചറി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പിതാവ് ഈ മാസം ഒന്‍പതിന് നാട്ടില്‍ നിന്നെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ പരിചയക്കാരോടൊപ്പം അദ്ദേഹവും അന്വേഷണം നടത്തി. അജ്മാന്‍ മദീന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് പൊലീസും അന്വേഷണം നടത്തിവരികയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകുമാര്‍ ജോലി ചെയ്തിരുന്ന അജ്മാനിലെ ട്രാവല്‍സില്‍ നിന്ന് കൃത്യമായി ശമ്പളം ലഭിക്കാത്തതും പാസ്‌പോര്‍ട് നല്‍കാത്തതിലുമുള്ള വിഷമമാണ് ഇത്രയും ദിവസം കോര്‍ണിഷില്‍ കഴിയാന്‍ കാരണമെന്ന് ശ്രീകുമാര്‍ പിതാവിനോട് പറഞ്ഞു. കൃത്യമായി ഭക്ഷണം കഴിക്കാതെയായിരുന്നു കഴിഞ്ഞിരുന്നത്. റമസാന്‍ തുടങ്ങിയതോടെ തൊട്ടടുത്തെ പള്ളിയില്‍ നിന്ന് വൈകിട്ട് ഭക്ഷണം കഴിച്ചു. തന്നെ അന്വേഷിച്ച് പിതാവ് നാട്ടില്‍ നിന്ന് വന്നതൊന്നും അറിഞ്ഞിരുന്നില്ല.

അതേസമയം, ശ്രീകുമാര്‍ ഒരു വര്‍ഷം മുന്‍പാണ് തങ്ങളോടൊത്ത് ജോലി ചെയ്തിരുന്നതെന്നും ശമ്പള കുടിശ്ശിക നല്‍കാനില്ലെന്നും ട്രാവല്‍സ് ഉടമ പ്രതികരിച്ചു. കാണാതാകുന്നതിന് 10 ദിവസം മുന്‍പ് കുറച്ചുനാള്‍ വീണ്ടും ജോലിക്ക് എത്തിയിരുന്നു. പിന്നീട്, നാട്ടിലേയ്ക്ക് പോകണമെന്ന് പറഞ്ഞു. നന്നായി മദ്യപിക്കുന്ന സ്വഭാവക്കാരനായതിനാലാണ് പാസ്‌പോര്‍ട്ട് കൈയില്‍ കൊടുക്കാന്‍ തയ്യാറാകാത്തതെന്നും പറഞ്ഞു. കൂടെ ജോലി ചെയ്യാതിരുന്നിട്ടും ശ്രീകുമാറിനെ കാണാതായപ്പോള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചു. ഇപ്പോള്‍ ശ്രീകുമാര്‍ പറയുന്നത് കള്ളമാണെന്നും ഉടമ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button